വര്‍ഗീയതക്കും ജനവിരുദ്ധ ഭരണത്തിനുമെതിരേ കേരളം വിധിയെഴുതും: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

സോഷ്യല്‍ ഫോറം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദമ്മാമില്‍ ചേര്‍ന്ന കേരള സ്‌റ്റേറ്റ് കമ്മിറ്റി വിലയിരുത്തി.

Update: 2019-04-29 16:23 GMT

ദമ്മാം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ അത് വര്‍ഗീയതക്കും ജനവിരുദ്ധ ഭരണത്തിനുമെതിരേയുള്ള വിധിയെഴുത്തായിരിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മോദിയുടെ കിരാതമായ ദുര്‍ഭരണത്തിന് അറുതി വരുത്തുന്ന തിരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വരാനിരിക്കുന്നത്. പിണറായി സര്‍ക്കാര്‍ തുടരുന്ന മുസ്‌ലിം - ദലിത് ആദിവാസി വിഭാഗങ്ങള്‍ക്കെതിരേയുള്ള അവഗണനക്കും സംവരണ അട്ടിമറിക്കും കോര്‍പറേറ്റ് ദാസ്യത്തിനുമെതിരേയും ബാലറ്റിലൂടെ കേരള ജനത നല്‍കുന്ന താക്കീത് കൂടിയായിരിക്കും തിരഞ്ഞെടുപ്പ് ഫലം. 'യഥാര്‍ത്ഥ ബദല്‍' എന്ന ആശയവുമായി 10 മണ്ഡലങ്ങളില്‍ മത്സരിച്ച എസ്ഡിപിഐ ഈ തിരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിക്കും. സോഷ്യല്‍ ഫോറം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ദമ്മാമില്‍ ചേര്‍ന്ന കേരള സ്‌റ്റേറ്റ് കമ്മിറ്റി വിലയിരുത്തി.

കേരളത്തില്‍ റെക്കോര്‍ഡ് പോളിങ് കാഴ്ചവെച്ച മുഴുവന്‍ വോട്ടര്‍മാരെയും പ്രത്യേകിച്ച് തിരുവനന്തപുരത്ത് താമര വിരിയാതിരിക്കാന്‍ പ്രതിരോധം തീര്‍ത്ത എസ്ഡിപിഐ ഉള്‍പ്പെടെയുള്ള മുഴുവന്‍ സംഘടനകളെയും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു. പ്രവാസ ലോകത്ത് നിന്ന് സജീവമായി ഇലക്ഷന്‍ പ്രചാരണം നടത്തുകയും പിന്തുണക്കുകയും ചെയ്ത സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍, അനുഭാവികള്‍ തുടങ്ങി മുഴുവന്‍ പ്രവാസി സമൂഹത്തിനും യോഗം നന്ദി രേഖപ്പെടുത്തി.

ദമ്മാമില്‍ ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി മുബാറക്ക് ഫറോക്ക് പ്രവര്‍ത്തന റിപോര്‍ട്ട് അവതരിപ്പിച്ചു.

ശ്രീലങ്കയില്‍ നടന്ന സ്‌ഫോടനത്തെ യോഗം ശക്തമായി അപലപിക്കുകയും ശ്രീലങ്കന്‍ ജനതക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയതു. ഈ വരുന്ന റമദാനില്‍ സോഷ്യല്‍ ഫോറം ബ്രാഞ്ച് തലങ്ങളില്‍ ഇഫ്താര്‍ മീറ്റുകള്‍ സംഘടിപ്പിക്കാനും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ സജീവമാകാനും യോഗം തീരുമാനിച്ചു. റഹിം വടകര, നസീബ് പത്തനാപുരം, റഷീദ് പാലക്കാട്, നാസര്‍ ഒടുങ്ങാട്, അന്‍സാര്‍ കോട്ടയം, അഷ്‌റഫ് മേപ്പയ്യൂര്‍, സുബൈര്‍ നാറാത്ത്, സലിം മുഞ്ചക്കല്‍, കുഞ്ഞിക്കോയ, അഹമ്മദ് യൂസുഫ് സംബന്ധിച്ചു.

Tags: