ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഒരുക്കാന്‍ ഇന്ത്യന്‍ റെയില്‍വേ 30,000വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കും

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത് നിര്‍മ്മാണ യൂണിറ്റുകള്‍, റെയില്‍വെ സോണല്‍ വര്‍ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍

Update: 2020-04-15 12:03 GMT

ന്യൂഡല്‍ഹി: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ (പി.പി.ഇകള്‍) നിര്‍മ്മിച്ചു നല്‍കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ. റെയില്‍വെയുടെ നിര്‍മാണ യൂനിറ്റുകള്‍, വര്‍ക്ക് ഷോപ്പുകള്‍, ഫീല്‍ഡ് യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. 2020 ഏപ്രിലില്‍ ഇത്തരത്തില്‍ 30,000 ലധികം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കാനാണ് റെയില്‍വെ പദ്ധതിയിടുന്നത്. 2020 മെയ് മാസത്തോടെ ഇത് 1,00,000 ആക്കാനും റെയില്‍വെ ലക്ഷ്യമിടുന്നു. ഗ്വാളിയോറിലെ ഡിആര്‍ഡിഒ ലാബില്‍ പിപിഇകളുടെ പരിശോധന നടത്തുകയും ഇതിനകം അവയ്ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.

ഇന്ത്യന്‍ റെയില്‍വെയുടെ കീഴിലുള്ള ഡോക്ടര്‍മാരും ആരോഗ്യ മേഖലയിലെ ജീവനക്കാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്നുണ്ട്. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ കൊവിഡ് 19 രോഗത്തോട് നേരിട്ടാണ് പോരാടുന്നത്. ഇവര്‍ക്കു രോഗം ബാധിക്കാതിരിക്കാനുള്ള കരുതല്‍ എന്ന നിലയില്‍ ആദ്യ പടിയായി ശരീരത്തിലേയ്ക്കു വൈറസ് വ്യാപിക്കാതിരിക്കാനായി പ്രത്യേക സുരക്ഷാ കവചങ്ങളാണ് നല്‍കേണ്ടത്. കൊറോണ ബാധയ്ക്കു പുറമെ മറ്റ് അസുഖങ്ങള്‍ കൂടി ഇവര്‍ക്കു വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കണം. താരതമ്യേന കൊവിഡ് 19 വ്യാപനം നിയന്ത്രിതമായ അവസ്ഥയിലാണ് എങ്കിലും രോഗവ്യാപനം കൂടിയാല്‍ ഇത്തരത്തിലുള്ള സുരക്ഷാ കവചങ്ങളുടെ ആവശ്യവും വലിയ തോതില്‍ വര്‍ദ്ധിക്കും.

ഈ സാഹചര്യം മുന്‍കൂട്ടി കണ്ടാണ്, ശരീര സംരക്ഷണ കവചങ്ങളുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള വിടവു നികത്തുന്നതിനായി റെയില്‍വെ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിന് തയ്യാറായത്. ഉത്തര റെയില്‍വെയുടെ കീഴില്‍ പഞ്ചാബിലെ ജഗാധരിയിലുള്ള നിര്‍മാണ ശാലയിലാണ് വ്യക്തിഗത സുരക്ഷാ കവചത്തിന്റെ ആദ്യ മാതൃക നിര്‍മ്മിച്ചത്. ഇവയുടെ സുരക്ഷാ പരിശോധന നടത്തുന്നതിനായി, അത്തരം പരിശോധനകള്‍ നടത്തുന്നതിന് അംഗീകാരമുള്ള ഗ്വാളിയറിലെ ഡിആര്‍ഡിഒ പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തിലെ ലബോറട്ടറിയില്‍ എത്തിക്കുകയും പരിശോധിക്കുകയും ചെയ്തു. ഡിആര്‍ഡിഇ ലബോറട്ടറിയില്‍ നടത്തിയ എല്ലാ പരിശോധനയിലും റെയില്‍വെയുടെ സുരക്ഷാ കവചം ഉന്നത ഗുണനിലവാരം പുലര്‍ത്തുന്നതായി കണ്ടെത്തുകയായിരുന്നു.

ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായി റെയില്‍വെ എല്ലാ നിര്‍മ്മാണ ശാലകള്‍ക്കും മറ്റു യൂനിറ്റുകള്‍ക്കും നിര്‍ദേശം നല്‍കിക്കഴിഞ്ഞു. 2020 ഏപ്രിലോടെ 30,000 വ്യക്തിഗത സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കുന്നതിനു വേണ്ട അസംസ്‌കൃത വസ്തുക്കളും ഇവിടങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

ഇതിനകം കവചങ്ങളുടെ നിര്‍മ്മാണവും ആരംഭിച്ചു. ഈ സുരക്ഷാ കവചങ്ങള്‍ ഉപയോഗിക്കേണ്ട ഇന്ത്യന്‍ റെയില്‍വെ ഡോക്ടര്‍മാരും ഇവയുടെ പരീക്ഷണങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. സുരക്ഷാ കവചങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് 2020 മെയ് മാസത്തില്‍ 1,00,000 എണ്ണം നിര്‍മ്മിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കള്‍ റെയില്‍വെ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

ആഗോള തലത്തില്‍ ഇത്തരം സുരക്ഷാ കവചങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അസംസ്ൃത വസ്തുക്കളുടെയും സംവിധാനങ്ങളുടെയും കുറവുണ്ടായിട്ടും ഇതെല്ലാം തരണം ചെയ്താണ് റെയില്‍വെ സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ റെയില്‍വെ റോളിങ് സ്റ്റോക്കുകളുടെ നിര്‍മ്മാണത്തിലൂടെ വിജയം കൈവരിച്ച ഇന്ത്യന്‍ റെയില്‍വെയുടെ വര്‍ക്ക് ഷോപ്പുകളുടെയും നിര്‍മ്മാണ ശാലകളുടെയും കഴിവിലുള്ള വിശ്വാസമാണ് സുരക്ഷാ കവചങ്ങളുടെ നിര്‍മ്മാണത്തിനു പിന്നിലുമുള്ളത്. റോളിങ് സ്റ്റോക്കിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, ഉപയോഗം തുടങ്ങിയവയ്ക്കായി സാധാരണ ഗതിയില്‍ പിന്തുടരുന്ന അതേ കഴിവുകളും വൈദഗ്ധ്യവും പ്രോട്ടോക്കോളുകളും നടപടി ക്രമങ്ങളുമാണ് സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ദ്രുതഗതിയില്‍ ഇവയുടെ ഉല്‍പ്പാദനം സാധ്യമാക്കാനും റെയില്‍വെയ്ക്കു കഴിഞ്ഞു. ാേറയില്‍വെയുടെ 5000ല്‍പ്പരം ബോഗികളില്‍ ഇതിനകം തന്നെ ക്വാറന്റൈന്‍, ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട് 

Tags: