കുവൈത്തില്‍ ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങി; ഇടപെട്ട് ഇന്ത്യന്‍ എംബസി

Update: 2026-03-01 05:26 GMT

കുവൈത്ത് സിറ്റി: മേഖലയിലെ സംഘര്‍ഷാവസ്ഥയെ തുടര്‍ന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രയ്ക്ക് ഒരുങ്ങിയിരുന്ന നിരവധി ഇന്ത്യന്‍ പൗരന്മാര്‍ കുവൈത്തില്‍ കുടുങ്ങി. വിമാനത്താവളത്തിന് പുറത്തെ വിവിധ ഹോട്ടലുകളിലും വിമാനത്താവളത്തിനുള്ളിലെ ഹോട്ടലുകളിലും ഇവര്‍ക്കായി താമസ സൗകര്യം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും താമസവും ഉറപ്പാക്കുന്നതിനുള്ള ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംബസി വ്യക്തമാക്കി. വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ എംബസി അധികൃതര്‍ വിവിധ വിമാനക്കമ്പനികളുമായി നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ടെന്നും, സര്‍വീസുകള്‍ സാധാരണ നിലയിലാകുന്നയുടന്‍ യാത്രക്കാര്‍ക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും അറിയിച്ചു.

ഇതിനിടെ, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതില്‍ സഹകരണം നല്‍കിയ കുവൈത്ത് അധികാരികളോടും എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരോടും ഇന്ത്യന്‍ എംബസി നന്ദി അറിയിച്ചു.

Tags: