ഡാലസ്: യുഎസിലെ ഡാലസില്‍ മോട്ടലില്‍ ഉണ്ടായ തര്‍ക്കത്തില്‍ സഹപ്രവര്‍ത്തകനെ വടിവാളുകൊണ്ട് തലയറുത്ത് കൊലപ്പെടുത്തി. കര്‍ണാടക സ്വദേശിയായ മോട്ടല്‍ മാനേജര്‍ ചന്ദ്രമൗലി നാഗമല്ലയ്യ (50)യെ ആണ് യോര്‍ദാനിസ് കോബോസ് മാര്‍ട്ടിനെസ് (37)കൊലപ്പെടുത്തിയത്. ബുധനാഴ്ച ടെക്‌സസിലെ ടെനിസണ്‍ ഗോള്‍ഫ് കോഴ്‌സിന് സമീപമുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്‌സ് മോട്ടലിലായിരുന്നു സംഭവം. കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കരുതെന്ന് ജീവനക്കാരിയോട് പറയാന്‍ നാഗമല്ലയ്യ നിര്‍ദേശിച്ചതാണ് തര്‍ക്കത്തിന് കാരണമായത്. നേരിട്ട് സംസാരിക്കാതെ ജീവനക്കാരിയിലൂടെ പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തര്‍ക്കത്തിനിടെ പുറത്തുപോയ മാര്‍ട്ടിനെസ് വടിവാളുമായി തിരിച്ചെത്തി. പലതവണ കുത്തിയതിന് ശേഷം നാഗമല്ലയ്യയെ നിലത്ത് വീഴ്ത്തി. ഭാര്യയും 18 കാരനായ മകനും തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പ്രതി തല വെട്ടിമാറ്റുകയും മാലിന്യക്കൂമ്പാരത്തിലേക്ക് കൊണ്ടുപോകുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കത്തിയുമായി മാലിന്യക്കൂമ്പാരത്തിനരികില്‍ നിന്നിറങ്ങുമ്പോഴാണ് പ്രതിയെ പോലിസ് പിടികൂടിയത്. സംഭവത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുശോചനം രേഖപ്പെടുത്തി.