വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ഇന്ത്യന്‍ വംശജന്‍ കബളിപ്പിച്ചത് ലോകത്തെ വന്‍കിട ബാങ്കായ ബിഎന്‍പി പാരിബയേ
ന്യൂയോര്‍ക്ക്: വ്യാജ ഇമെയില്‍ വിലാസത്തിലൂടെ ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌റോക്കിനെയും ലോകത്തെ വന്‍കിട ബാങ്കായ ബിഎന്‍പി പാരിബയേയും കബളിപ്പിച്ച് ഇന്ത്യന്‍ വംശജനായ ബങ്കിം ബ്രഹ്മഭട്ട് 500 മില്യന്‍ ഡോളറിന്റെ(4400 കോടി രൂപ) വായ്പ കൈക്കലാക്കി മുങ്ങിയതായി റിപോര്‍ട്ട്.
ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ജ് വോയ്സ് എന്നീ ടെലികോം കമ്പനികളുടെ ഉടമയായ ബ്രഹ്മഭട്ട്, വായ്പ ഉറപ്പാക്കാന്‍ നല്‍കിയ ഇന്‍വോയ്സുകളും അക്കൗണ്ട്സ് റിസീവബിള്‍സും വ്യാജമായി സൃഷ്ടിച്ചതാണെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു. വായ്പയിലൂടെ ലഭിച്ച പണം ഇന്ത്യയിലേക്കും മൗറീഷ്യസിലേക്കും കടത്തിയതായാണ് സൂചന.
എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സിന് നല്‍കിയ വായ്പകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നത് ബിഎന്‍പി പാരിബ ആയിരുന്നു. ബ്ലാക്ക്റോക്ക് ഈ വര്‍ഷം ആദ്യമായാണ് എച്ച്പിഎസിനെ ഏറ്റെടുത്തത്. 2020 മുതല്‍ ബ്രഹ്മഭട്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് എച്ച്പിഎസ് വായ്പ നല്‍കിത്തുടങ്ങിയപ്പോള്‍, 2024 ആഗസ്റ്റോടെ മൊത്തം നിക്ഷേപം 430 മില്യണ്‍ ഡോളര്‍ ആയി. ബ്രഹ്മഭട്ടിന്റെ കാരിയോക്സ് ക്യാപിറ്റല്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് ഈ വായ്പകള്‍ നല്‍കിയിരുന്നത്. വായ്പാ ഉറപ്പിനായി നിയമിച്ച ഡിലോയിറ്റ് , സിബിഐസെഡ് എന്നീ ഓഡിറ്റ് ഏജന്‍സികള്‍ക്കും തട്ടിപ്പ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് അന്വേഷണം കൂടുതല്‍ സങ്കീര്‍ണമാക്കി.
2025 ജൂലൈയില്‍ ഇന്‍വോയ്സ് പരിശോധനയ്ക്കായി ഉപയോഗിച്ച ഇമെയില്‍ വിലാസങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് വെളിപ്പെട്ടത്. യഥാര്‍ഥ ടെലികോം കമ്പനികളുടെ പേരില്‍ സൃഷ്ടിച്ച വ്യാജ ഡൊമെയ്നുകളിലൂടെയാണ് ഇടപാടുകള്‍ നടന്നത്. ചില കത്തിടപാടുകള്‍ പോലും കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
അന്വേഷണം ആരംഭിച്ചതോടെ ബ്രഹ്മഭട്ട് ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കാതെയും ഓഫിസുകള്‍ അടച്ചും അപ്രത്യക്ഷനായി. ന്യൂയോര്‍ക്കിലെ ഗാര്‍ഡന്‍ സിറ്റിയിലുള്ള ആഡംബര വസതിയും അഞ്ചു വിലപിടിപ്പുള്ള കാറുകളും ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. 2018 മുതല്‍ തന്നെ വ്യാജ കരാറുകളും കൃത്രിമ ഇമെയില്‍ വിലാസങ്ങളുമുപയോഗിച്ച് ബ്രഹ്മഭട്ട് വന്‍തോതില്‍ സാമ്പത്തിക രേഖകള്‍ വ്യാജമാക്കിയതായി എച്ച്പിഎസ് നിയോഗിച്ച അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

