ഫ്രീമോണ്ടില്‍ ലൈംഗിക കുറ്റവാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
കാലിഫോര്‍ണിയ: അമേരിക്കയിലെ ഫ്രീമോണ്ടില്‍ ലൈംഗിക കുറ്റവാളിയെ ഇന്ത്യന്‍ വംശജന്‍ കുത്തിക്കൊന്നു. 1995ല്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒമ്പതുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച 71 കാരനായ ഡേവിഡ് ബ്രിമ്മറിനെയാണ് വരുണ്‍ സുരേഷ് (35) കൊലപ്പെടുത്തിയത്. വരുണ്‍ മേഗന്‍സ് ലോ ഡാറ്റാബേസ് വഴിയാണ് ബ്രിമ്മറിനെ കണ്ടെത്തിയത്.
കുട്ടികളെ വേദനിപ്പിക്കുന്നവര്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്നും ഏറെക്കാലമായി ഒരു ലൈംഗിക കുറ്റവാളിയെ കൊല്ലണമെന്ന ആഗ്രഹത്തിലായിരുന്നുവെന്നും വരുണ്‍ സുരേഷ് പോലിസിന് മൊഴി നല്‍കി. സംഭവദിവസം സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ് എന്ന പേരില്‍ വരുണ്‍ വീടുകള്‍ തോറും കയറുകയായിരുന്നു. ഡേവിഡിന്റെ വീട്ടിലെത്തിയപ്പോള്‍ നേരിട്ട് ആക്രമിക്കുകയും, രക്ഷപ്പെടാന്‍ ശ്രമിച്ച ഡേവിഡ് അടുത്ത വീടിന്റെ ഗാരേജിലേക്കും അവിടെ നിന്ന് അടുക്കളയിലേക്കും ഓടിയെങ്കിലും പിന്തുടര്‍ന്ന വരുണ്‍ ഒന്നിലധികം തവണ കഴുത്തില്‍ കുത്തുകയായിരുന്നു.
വരുണിന്റെ ഫോണില്‍ നിന്ന് മേഗന്‍സ് ലോ സൈറ്റില്‍ പ്രസിദ്ധീകരിച്ച പല ലൈംഗിക കുറ്റവാളികളുടെ പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ടുകളും കണ്ടെത്തി. ഡേവിഡിന്റെ പ്രൊഫൈല്‍ സ്‌ക്രീന്‍ഷോട്ട് സംഭവത്തിന് 45 മിനിറ്റ് മുന്‍പാണ് എടുത്തതെന്ന് പോലിസ് വ്യക്തമാക്കി.
കൊലപാതകം, വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം, മാരകായുധം ഉപയോഗിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ വരുണ്‍ സുരേഷിനെതിരെ ചുമത്തിയിട്ടുണ്ട്. 2021ല്‍ വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയതിന് ഇയാള്‍ അറസ്റ്റിലായിരുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നു.
