അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നു, ശാസ്ത്രീയ രീതിക്ക് യോജിക്കാത്തത്; 'ചരകപ്രതിജ്ഞ' ക്കെതിരേ ഐഎംഎ

ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കും

Update: 2022-02-13 11:46 GMT

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ചികിത്സാ രംഗത്തേക്ക് കടക്കുന്നതിന് മുന്‍പ് നടത്തുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്ക് പകരം 'ചരക പ്രതിജ്ഞ' ചൊല്ലണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിര്‍ദേശത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ).

ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ് രൂപം നല്‍കിയ പ്രതിജ്ഞ 1948ല്‍ ലോകാരോഗ്യ സംഘടന പരിഷ്‌കരിക്കുകയും ആഗോളതലത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങിയതുമാണ്. അത് മാറ്റി പകരം ചരക പ്രതിജ്ഞ കൊണ്ടുവരുന്നത് ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ലെന്ന് ഐ.എം.എ അഭിപ്രായപ്പെടുന്നു. ഹിപ്പോക്രാറ്റസ് പ്രതിജ്ഞ കാലാനുസൃതമായി പരിഷ്‌കരിച്ചതാണ്. 2017ലെ പതിപ്പാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കാഴ്ചപ്പാടില്‍ രൂപം നല്‍കിയതല്ലെന്നും പ്രസ്താവനയില്‍ ഐ.എം.എ പറയുന്നു.

ഇത്തരം പ്രതിജ്ഞകള്‍ വര്‍ഗ വര്‍ണ ലിംഗ ജാതീയ കാഴ്ചപ്പാടുകള്‍ക്ക് അതീതമാവണം. സ്ത്രീ രോഗികളുടെ വ്യക്തിസ്വാതന്ത്ര്യത്തിന് വിഘാതമുണ്ടാക്കുന്നതും അന്ധവിശ്വാസം പ്രോത്സാഹിപ്പിക്കുന്നതുമാണ്. പ്രാദേശികതയില്‍ അധിഷ്ടിതമായതും ശാസ്ത്രീയ രീതിയ്ക്ക് അനുയോജ്യമല്ലാത്തതുമായ പല കാര്യങ്ങളും ചരക പ്രതിജ്ഞയില്‍ ഉള്‍പ്പെടുന്നുവെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.

ഈ പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആഗോള കൂട്ടായ്മയില്‍ നിന്ന് നമ്മെ ഒറ്റപ്പെടുത്തുന്നതിനും ആധുനിക ചികിത്സാ മേഖലയെ തന്നെ പിന്നോട്ടടിക്കുന്നതിനും ഇടയാക്കുമെന്ന് ഭയപ്പെടുന്നതായും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. തെറ്റായ നിലപാടുകള്‍ തിരുത്താന്‍ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണമെന്നും ഡോക്ടര്‍മാരുടെ സംഘടനയുടെ കേരള ഘടകം ആവശ്യപ്പെട്ടു.


Tags:    

Similar News