'വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടന്നിടത്തേക്ക് ഇന്ത്യന്‍ എംബസിക്കാര്‍ തിരിഞ്ഞുനോക്കിയില്ല'; ആരോപണവുമായി യുക്രെയ്‌നില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ്

Update: 2022-03-01 15:47 GMT

ഹവേരി; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുന്നിടത്തേക്ക് ഇന്ത്യന്‍ എംബസിയുടെ ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് യുക്രെയ്‌നില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ശേഖര്‍ ഗൗഡ.

കര്‍ണാടകയില്‍ നിന്നുള്ള 21 കാരനായ മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പ ഗ്യാനഗൗഡര്‍ റഷ്യന്‍ ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. യുക്രെയ്‌നിലെ ഖര്‍കീവില്‍ ഭക്ഷണശാലയില്‍ വരിനില്‍ക്കുമ്പോഴായിരുന്നു നവീനെതിരേ ആക്രമണം നടന്നത്.

കര്‍ണാടകയില്‍ നിന്നുള്ള മറ്റ് ചിലര്‍ക്കൊപ്പമാണ് നവീന്‍ താമസിച്ചിരുന്നത്. അവര്‍ കഴിഞ്ഞിരുന്ന ബങ്കറില്‍ ഭക്ഷണവും വെള്ളവുമില്ലാതായപ്പോഴാണ് പുറത്തിറങ്ങേണ്ടിവന്നതെന്ന് അമ്മാവന്‍ ഉജ്ജനഗൗഡ പറഞ്ഞു.

മരണവാര്‍ത്ത അറിഞ്ഞശേഷം ശേഖര്‍ ഗൗഡയുടെ കുടുംബത്തിലേക്ക് നിരവധി പേരാണ് വന്നുകൊണ്ടിരിക്കുന്നത്. ഖര്‍കിവില്‍ മെഡിസിന്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നവീന്‍.

നവീനും സുഹൃത്തുക്കളും ബങ്കറില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഭക്ഷണം തീര്‍ന്നതിനാലാണ് പുറത്തേക്ക് പോകേണ്ടിവന്നതെന്ന് മരിക്കുന്നതിനു തൊട്ടുമുമ്പ് പിതാവുമായി സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നുവെന്നും കുടുംബം പറഞ്ഞു.

സംഭവം അറിഞ്ഞ് മുഖ്യമന്ത്രി ബൊമ്മൈ പിതാവിനെ വിളിച്ചിരുന്നു. മകന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

രാവിലെ ഫോണില്‍ സംസാരിച്ചിരുന്നുവെന്നും അവന്‍ ദിവസവും രണ്ടോ മൂന്നോ തവണ വിളിക്കാറുണ്ടായിരുന്നുവെന്നും പിതാവ് ശേഖര്‍ ഗൗഡ മുഖ്യമന്ത്രിയോട് പറഞ്ഞു.

അതേസമയം കൊല്ലപ്പെട്ടത് റഷ്യന്‍ സേന നടത്തിയ സ്‌ഫോടനത്തിലെന്നും അതല്ല, വെടിയേറ്റ് മരിക്കുകയായിരുന്നുവെന്നും രണ്ട് വ്യത്യസ്ത റിപോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

യുക്രെയ്‌നില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന ആരോപണം ശക്തമായിരുന്നു. ഇതിനെതിരേ ന്യൂഡല്‍ഹിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും നടത്തിയിരുന്നു.