ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 9.6 ശതമാനം ചുരുങ്ങുമെന്ന് ലോക ബാങ്ക്

ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനം ചുരുങ്ങല്‍ സംഭവിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തലുകള്‍.

Update: 2021-01-06 16:48 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്ഘടന നടപ്പ് സാമ്പത്തികവര്‍ഷം 9.6 ശതമാനം ചുരുങ്ങുമെന്ന് ലോകബാങ്ക് വിലയിരുത്തല്‍. ഇന്ത്യയുടെ ധനകാര്യ മേഖല ദുര്‍ബലമാണെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കോവിഡ് രൂക്ഷമായതോടെ കുടുംബങ്ങളുടെ പൊതുചെലവും സ്വകാര്യ മൂലധന നിക്ഷേപവും വര്‍ധിക്കുന്നില്ലെന്നും വിലക്കയറ്റം നിയന്ത്രണത്തിലാക്കാന്‍ കഴിയുന്നില്ലെന്നും ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മല്‍പാസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


കോവിഡ് മഹാമാരിക്ക് മുമ്പുതന്നെ നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന സാമ്പത്തിക രംഗത്ത് പിടിമുറുക്കിയിരുന്നു. ഏപ്രില്‍ ജൂണ്‍ പാദത്തില്‍ കോവിഡ് ലോക്ഡൗണിനെത്തുടര്‍ന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് സമ്പദ്ഘടനയിലുണ്ടായത്. ത്രിമാസ പാദത്തില്‍ വളര്‍ച്ച 23 ശതമാനം ഇടിഞ്ഞു. അടുത്ത സാമ്പത്തികവര്‍ഷം 5.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും ലോകബാങ്ക് കഴിഞ്ഞദിവസം പുറത്തുവിട്ട ആഗോള സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.


ഈ സാമ്പത്തിക വര്‍ഷം 7.5 ശതമാനം ചുരുങ്ങല്‍ സംഭവിക്കുമെന്നാണ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലയിരുത്തലുകള്‍. അടുത്ത വര്‍ഷം ഇരട്ടയക്ക വളര്‍ച്ച ഉണ്ടാകുമെന്നും ധനമന്ത്രാലയം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന വിലയിരുത്തലോടെ ലോകബാങ്ക് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.




Tags: