ഗസ വംശഹത്യയില്‍ പങ്കാളിയായി ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പും, റിപോര്‍ട്ട്
ന്യൂഡല്‍ഹി: ഇന്ത്യന്‍ കമ്പനിയായ ടാറ്റ ഗ്രൂപ്പ് ഗസയില്‍ വംശഹത്യ നടത്താന്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുകയാണെന്ന് ഗവേഷണ റിപോര്‍ട്ട്. ടാറ്റ ഗ്രൂപ്പ് തങ്ങളുടെ പ്രതിരോധ, സാങ്കേതിക പങ്കാളിത്തങ്ങളിലൂടെ ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ സഹായിക്കുകയാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 'അധിനിവേശ ശില്പികള്‍: ടാറ്റ ഗ്രൂപ്പ്, ഇന്ത്യന്‍ മൂലധനം, ഇന്ത്യ-ഇസ്രായേല്‍ സഖ്യം' എന്ന റിപോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
ഗസയിലും ലെബ്‌നാനിലും ഇസ്രായേല്‍ സൈന്യം ഉപയോഗിക്കുന്ന എഫ്16 യുദ്ധവിമാനങ്ങള്‍ക്കും അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകള്‍ക്കും വേണ്ടിയുള്ള പ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുന്നത് ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ആണെന്ന് റിപോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ബരാക്8 മിസൈലുകള്‍ക്കും അധിനിവേശ വെസ്റ്റ് ബാങ്കില്‍ വിന്യസിച്ചിരിക്കുന്ന കവചിത വാഹനങ്ങള്‍ക്കും വേണ്ടിയുള്ള കമാന്‍ഡ് സിസ്റ്റങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി ഈ കമ്പനി സഹകരിക്കുകയും ചെയ്യുന്നു.
ടാറ്റയുടെ ഏറ്റവും വലിയ അനുബന്ധ സ്ഥാപനങ്ങളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് , ഇസ്രായേലിന്റെ ധനകാര്യ മന്ത്രാലയവുമായി ചേര്‍ന്ന് ബാങ്കിങ് മേഖലയ്ക്കായി ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നുണ്ട്. അനധികൃത കുടിയേറ്റങ്ങള്‍ക്ക് സൗകര്യമൊരുക്കിയതിന് ഐക്യരാഷ്ട്രസഭ പരാമര്‍ശിച്ച ബാങ്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ യുദ്ധങ്ങളില്‍ ടാറ്റ നിര്‍മ്മിച്ച ഘടകങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഗവേഷണം കണ്ടെത്തി. 'കശ്മീരിനു മുകളിലുള്ള ഡ്രോണുകള്‍ മുതല്‍ ഗസയ്ക്ക് മുകളിലുള്ള യുദ്ധവിമാനങ്ങള്‍ വരെ', ടാറ്റയുടെ മുദ്ര എല്ലായിടത്തുമുണ്ട്. യുഎസ്-ഇന്ത്യ-ഇസ്രായേല്‍ എന്നീ ത്രികോണരാജ്യങ്ങളുടെ ബന്ധത്തെക്കുറിച്ചും റിപോര്‍ട്ട് എടുത്തുകാണിക്കുന്നു. കുറഞ്ഞ ചെലവില്‍ പ്രതിരോധസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള പങ്കാളിയായാണ് ഇന്ത്യയെ (ടാറ്റ പോലുള്ള കമ്പനികളെയും) യുഎസ് പോലുള്ള രാജ്യങ്ങള്‍ കാണുന്നത്. അതായത്, ഇന്ത്യയുടെ പ്രതിരോധ നിര്‍മാണ ശേഷി ഇസ്രായേലിന്റെ സൈനിക ആധുനികവല്‍ക്കരണവുമായി കൂടുതല്‍ ഇഴചേര്‍ന്നിരിക്കുന്നുവെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു.
