ഗള്‍ഫ് വിമാനയാത്രയ്ക്ക് തിരിച്ചടി; ഇന്ത്യന്‍ വിമാന സര്‍വീസുകളില്‍ പത്തു ശതമാനം കുറവ്
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ വിമാനയാത്ര മേഖലയെ ശക്തമായി ബാധിക്കുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പ്രഖ്യാപിച്ച പുതിയ സമ്മര്‍ ഷെഡ്യൂള്‍ പ്രകാരം രാജ്യത്തെ വിമാന സര്‍വീസുകളില്‍ ഏകദേശം പത്തു ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ചില്‍ ആരംഭിച്ച് ഒക്ടോബര്‍ വരെ നീളുന്ന ഷെഡ്യൂളില്‍ ആഴ്ചയില്‍ ഏകദേശം 23,000 സര്‍വീസുകള്‍ മാത്രമാണ് നടത്തുക.
ഗള്‍ഫ് മേഖലയില്‍ പോകുന്ന വിമാന സര്‍വീസുകളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ടത്. യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള നിരവധി സര്‍വീസുകള്‍ ഇതിനകം തന്നെ റദ്ദാക്കിയതായി റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, അകാശ എയര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ വിമാനക്കമ്പനികള്‍ രണ്ടായിരത്തിലധികം സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. ഇന്ത്യയിലെ അന്താരാഷ്ട്ര യാത്രക്കാരില്‍ വലിയൊരു വിഹിതം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ഈ മാറ്റം പ്രവാസികളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാല അവധിക്കാലത്ത് നാട്ടിലേക്ക് എത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സാമ്പത്തികഭാരം ഉണ്ടാകും.
യുദ്ധസാഹചര്യം കാരണം വിമാനങ്ങള്‍ ദൈര്‍ഘ്യമേറിയ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കേണ്ടിവരുന്നത് ഇന്ധനച്ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. രൂപയുടെ മൂല്യത്തകര്‍ച്ചയും ചേര്‍ന്നതോടെ വിമാനക്കമ്പനികള്‍ക്ക് ചെലവ് ഇരട്ടിയായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന ആശങ്ക ഉയരുന്നു. പല റൂട്ടുകളിലും സര്‍വീസുകള്‍ കുറയുന്നതിനാല്‍ അവസാന നിമിഷം റദ്ദാക്കലുകള്‍ക്കും സാധ്യതയുണ്ട്. യാത്രക്കാര്‍ യാത്രയ്ക്ക് മുന്‍പ് ബന്ധപ്പെട്ട എയര്‍ലൈനുകളുമായി വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു.
