മൂന്ന് സേനകള്‍ക്കും ഒറ്റ തലവൻ: സ്വാതന്ത്ര്യദിനത്തില്‍ നിര്‍ണായക പ്രഖ്യാപനവുമായി പ്രധാനമന്ത്രി

രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവി. ഇതിനായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും.

Update: 2019-08-15 09:02 GMT

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഇനി ഒരൊറ്റ മേധാവി. ഇതിനായി ചീഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന പേരില്‍ പുതിയ തസ്തിയുണ്ടാക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കര-നാവിക -വ്യോമസേനയുടെ ഏകോപനത്തിനായാണ് ഒരുതലവനെന്ന് അദ്ദേഹം വ്യക്തമാക്കി. സേനയുടെ നവീകരണമടക്കമുള്ള ചുമതലകള്‍ ഇവര്‍ നിര്‍വഹിക്കും. 73ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

"നമ്മുടെ അഭിമാനമാണ് സുരക്ഷാസേനകള്‍. സേനകള്‍ തമ്മിലുള്ള ഏകോപനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്നൊരു പ്രധാന തീരുമാനം പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്ക് ഇനി മുതല്‍ ചീഫ് ഒാഫ് ഡിഫന്‍സ് ഉണ്ടാകും. ഇത് സേനകളെ കൂടുതല്‍ ശക്തമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കര-വ്യോമ-നാവിക സേനാ മേധാവികള്‍ക്ക് മുകളിലായിരിക്കും പുതിയ പ്രതിരോധ മേധാവിയുടെ പദവി എന്നാണ് സൂചന. ഇത് പ്രാബല്യത്തിലാകുന്നതോടെ ഫലത്തില്‍ മൂന്നു സേനാ വിഭാഗങ്ങള്‍ക്കും കൂടി ഒരു പൊതുതലവന്‍ ഇനി രാജ്യത്തുണ്ടാകും "-അദ്ദേഹം പറഞ്ഞു.

ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഒന്നര മണിക്കൂറോളം നീണ്ട പ്രസംഗം. വിവിധ സംസ്ഥാനങ്ങളിലായി പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ജനതക്കൊപ്പമുണ്ടെന്നും മോദി പറഞ്ഞു. ജനസംഖ്യാവര്‍ധനവ് രാജ്യത്തിന് വെല്ലുവിളിയാണ് അണുകുടുംബനയം ദേശസ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജമ്മുകശ്മീര്‍ വിഷയം പ്രസംഗത്തില്‍ പല കുറി പരാമര്‍ശിച്ചു. അനുച്ഛേദം 370 നിലനിര്‍ത്തേണ്ടതായിരുന്നെങ്കില്‍ മുന്‍ സര്‍ക്കാരുകള്‍ എന്ത് കൊണ്ട് ഈ നിയമത്തെ സ്ഥിര സ്വഭാവമുള്ളതാക്കി പരിഷ്‌കരിച്ചില്ലെന്ന് പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് മോദി ചോദിച്ചു. മുത്തലാഖ് നിയമ നിര്‍മാണം മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വഴിയൊരുക്കി എന്നും മോദി അവകാശപ്പെട്ടു.

ഒരു രാജ്യം ഒരു ഭരണഘടന എന്ന ലക്ഷ്യത്തിലേക്ക് രാജ്യമെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് ആലോചിക്കേണ്ട സമയമായി. കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കും. പ്രശ്നങ്ങള്‍ സൃഷ്ടിക്കാനും അവ വലിച്ചു നീട്ടാനും സര്‍ക്കാരിനു താല്‍പര്യമില്ല. 70 വര്‍ഷം കൊണ്ട് നടപ്പാക്കാനാകാത്തത് 70 ദിവസം കൊണ്ട് നിറവേറ്റി. ജമ്മുകശ്മിരിലെ പഴയ സ്ഥിതി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ദലിതര്‍ക്കും അനീതി സമ്മാനിച്ചവെന്നും അദ്ദേഹം പറഞ്ഞു.

Similar News