ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ നവംബറോടെ ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. വാര്‍ഷിക ആഗോള നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കവേയാണ് മന്ത്രി കരാര്‍ സംബന്ധിച്ച ആശ്വാസകരമായ സൂചന നല്‍കിയത്. കാര്യങ്ങള്‍ ഉടന്‍ പഴയപടിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാരത്തെ ''തികച്ചും ഏകപക്ഷീയമായ ബന്ധം'' എന്ന് വിശേഷിപ്പിച്ചതിനു പിന്നാലെയായിരുന്നു പീയുഷ് ഗോയലിന്റെ പ്രതികരണം. ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഉള്‍പ്പെടെ സൈനിക ഉപകരണങ്ങള്‍ വാങ്ങുന്നതിനെ തുടര്‍ന്ന് അമേരിക്ക ഇന്ത്യയ്ക്കെതിരെ 25 ശതമാനം അധിക തീരുവ ചുമത്തിയ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കായി അമേരിക്കന്‍ പ്രതിനിധി സംഘം സന്ദര്‍ശനം നടത്താനിരിക്കെ, ചര്‍ച്ചകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. കരാര്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് പീയുഷ് ഗോയല്‍ നവംബറോടെ കരാര്‍ അന്തിമമാകുമെന്ന് ഉറപ്പുനല്‍കിയത്.
ഓഗസ്റ്റ് 7 മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ നിലവിലുണ്ട്. കൂടാതെ, റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍, സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങിയതിനുള്ള പിഴയായി പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയും ഓഗസ്റ്റ് 27 മുതല്‍ പ്രാബല്യത്തില്‍ വന്നു.
അതേസമയം, ഇന്ത്യക്കെതിരെ വീണ്ടും വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ലോകത്ത് ഏറ്റവും ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് ട്രംപ് ആവര്‍ത്തിച്ചു. ഹാര്‍ലി ഡേവിഡ്‌സണ്‍ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഇന്ത്യയെ വിമര്‍ശിച്ചത്.
