ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍; ഇന്ത്യയുടെ പരമാധികാരത്തിനുമേലുള്ള ആക്രമണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ
ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാരക്കരാറിനെ വിമര്‍ശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് കരാറെന്ന് പോളിറ്റ്ബ്യൂറോ കുറ്റപ്പെടുത്തി. ജനതാല്‍പ്പര്യത്തിന് വിരുദ്ധമായി നടത്തിയ ഈ പ്രവര്‍ത്തനങ്ങള്‍ കാര്‍ഷിക മേഖലയ്ക്കും സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണെന്നും കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പാര്‍ലമെന്റില്‍ വയ്ക്കണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
കേന്ദ്രസര്‍ക്കാര്‍ യുഎസിന് വലിയ ഇളവുകള്‍ നല്‍കി. ഇന്ത്യന്‍ നയങ്ങള്‍ തീരുമാനിക്കുന്നത് അമേരിക്കയെന്ന നിലയാണ് ഇപ്പോള്‍. മോദി ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റേത് ട്രംപിന് മുന്നിലെ നാണംകെട്ട കീഴടങ്ങലാണ്. കരാറിനെതിരേ വലിയ പ്രതിഷേധങ്ങളാണ് പലയിടിങ്ങളില്‍ നിന്നും ഉയര്‍ന്നുവരുന്നത്. വ്യാപാര കരാറിന്റെ പേരില്‍ അമേരിക്കയുടെ സാമ്രാജ്യത്വ താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ പരമാധികാരം മോദി സര്‍ക്കാര്‍ പൂര്‍ണ്ണമായി അടിയറവ് വെക്കുകയാണ്.
അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കിയ ഇളവുകള്‍ ഇതിനോടകം തന്നെ ദുരിതത്തിലായ ഇന്ത്യന്‍ ആപ്പിള്‍ കര്‍ഷകരുടെ നില കൂടുതല്‍ പരുങ്ങലിലാക്കും. ആഭ്യന്തര വിപണിയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നത് പാവപ്പെട്ട കര്‍ഷകരുടെ ഉപജീവനമാര്‍ഗം തകര്‍ക്കാനേ ഉപകരിക്കൂ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങളില്ലാത്തത് രാജ്യത്തെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്നും സാമ്പത്തിക പരമാധികാരം പണയപ്പെടുത്തുന്ന ഇത്തരം നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.
കാര്‍ഷിക മേഖലയ്ക്കും, സാമ്പത്തിക വ്യവസ്ഥയ്ക്കും നേരെയുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നത്. കരാര്‍ പ്രകാരം അമേരിക്കയില്‍ നിന്നുള്ള ചുവന്ന ചോളം, കശുവണ്ടി, ബദാം, വിവിധ പഴവര്‍ഗങ്ങള്‍, സോയാബീന്‍ ഓയില്‍, വൈന്‍, സ്പിരിറ്റ്, പരുത്തി, നട്‌സ് തുടങ്ങിയ ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ പൂര്‍ണ്ണമായും ഒഴിവാക്കിയത് ഇന്ത്യന്‍ കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കും. ഇത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ കീഴടങ്ങലാണെന്നും സിപിഎം വിമര്‍ശിച്ചു.
