യുഎന്‍ സംവിധാനങ്ങളില്‍ മാറ്റം സൃഷ്ടിക്കാന്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി ശ്രമിക്കണമെന്ന് ഇന്ത്യ

യുഎന്നിനെ പേരെടുത്ത് പരാമര്‍ശിക്കാതെ ആഗോള ഭരണസംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ചേരി ചേരാ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇന്ത്യ ഉന്നയിച്ചത്.

Update: 2019-09-27 14:24 GMT

ന്യൂഡല്‍ഹി: വര്‍ത്തമാന പരിതസ്ഥിതികള്‍ക്കനുസരിച്ച് യുഎന്‍ സംവിധാനങ്ങളില്‍ മാറ്റം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നടത്തണമെന്ന് ആഹ്വാനവുമായി ഇന്ത്യ. യുഎന്നിനെ പേരെടുത്ത് പരാമര്‍ശിക്കാതെ ആഗോള ഭരണസംവിധാനങ്ങളില്‍ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകത ചേരി ചേരാ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിലാണ് ഇന്ത്യ ഉന്നയിച്ചത്.

യുഎന്‍ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന ചേരിചേരാ രാഷ്ട്ര സമൂഹത്തിന്റെ സമ്മേളനത്തില്‍ സംസാരിച്ചു കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. യുഎന്‍ രക്ഷാസമിതിയുള്‍പ്പടെയുള്ള വേദികളില്‍ ഇന്ത്യക്ക് പ്രാതിനിധ്യം ലഭിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ കുറേക്കാലങ്ങളായി ഇന്ത്യ ഉന്നയിച്ചു വരുന്ന പ്രധാനപ്പെട്ട വിഷയമാണ്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന് അര്‍ഹമായ പ്രാതിനിധ്യം കൂടി ഉറപ്പു വരുത്തിക്കൊണ്ട് യുഎന്‍ രക്ഷാസമിതി വിപുലമാക്കേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി.

കാലാവസ്ഥ വ്യതിയാനം, ഭീകരവാദം, ദാരിദ്യം, അവികസിതാവസ്ഥ, പകര്‍ച്ചവ്യാധികള്‍ എന്നീ വിഷയങ്ങളില്‍ ചേരിചേരാ രാഷ്ട്രങ്ങള്‍ ഒരുമിച്ച് പോരാടേണ്ടതിന്റെ ആവശ്യകതയും ഇന്ത്യ ചൂണ്ടിക്കാട്ടി. നിരവധി രാജ്യങ്ങളെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നിര്‍ണായക ശക്തിയായി ചേരിചേരാ രാഷ്ട്ര സമൂഹത്തിന് പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇന്ത്യ ഓര്‍മിപ്പിച്ചു. നിരവധി പോരാട്ടങ്ങളില്‍ വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ടങ്കിലും ഫലസ്തീന്‍ പോലെയുള്ള വിഷയങ്ങളില്‍ ചേരിചേരാ സമൂഹം ഒരുമിച്ച് നില്‍ക്കേണ്ടതുണ്ടെന്ന് ഇന്ത്യ ഊന്നിപ്പറഞ്ഞു.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുത്ത വി മുരളീധരന്‍ മാലിദ്വീപിന് കോമണ്‍വെല്‍ത്ത് സമൂഹത്തില്‍ വീണ്ടും അംഗത്വം നല്‍കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ച് ഉന്നയിച്ചു.

Tags: