എഐ ഇംപാക്ട് ഉച്ചകോടിക്ക് ഇന്ത്യ വേദിയാകുന്നു; അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും

Update: 2025-12-17 09:48 GMT

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ആദ്യം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയില്‍ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പങ്കെടുക്കും. ഫെബ്രുവരി 19, 20 തിയതികളില്‍ ന്യൂഡല്‍ഹിയാണ് വേദിയാവുന്നത്.

യുകെയിലെ ബ്ലെച്ച്‌ലി പാര്‍ക്ക്, ദക്ഷിണകൊറിയയിലെ സിയോള്‍, ഫ്രാന്‍സിലെ പാരീസ് എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ഉച്ചകോടികള്‍ക്ക് ശേഷം ദക്ഷിണേഷ്യയില്‍ നടക്കുന്ന ആദ്യ എഐ ഇംപാക്ട് ഉച്ചകോടിയാണിത്. വിവരസാങ്കേതിക രംഗത്ത് അതിവേഗം മുന്നേറുന്ന എഐ സാങ്കേതികവിദ്യയുടെ വികസനത്തോടൊപ്പം അതിന്റെ നൈതിക, സാമൂഹിക, പ്രായോഗിക വശങ്ങളില്‍ മാനവികവും സഹകരണപരവുമായ സമീപനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളുടെ സര്‍ക്കാരുകളും, വ്യവസായ-ഗവേഷണ മേഖലയിലെ വിദഗ്ധര്‍, അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികള്‍ എന്നിവരാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിയുമായി ബന്ധപ്പെട്ട കര്‍ട്ടന്റൈസര്‍ പരിപാടി ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് ഇതിനകം സംഘടിപ്പിച്ചു.

2025 ഫെബ്രുവരി 10, 11 തീയതികളില്‍ പാരീസില്‍ നടന്ന എഐ ആക്ഷന്‍ ഉച്ചകോടിയില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെയും തീരുമാനങ്ങളുടെയും തുടര്‍ച്ചയായിരിക്കും ന്യൂഡല്‍ഹിയിലെ എഐ ഇംപാക്ട് ഉച്ചകോടി.

Tags: