ന്യൂഡല്‍ഹി: ഇന്ത്യ 4,000 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ ശേഷിയുള്ള അഗ്‌നി IV ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഒഡീഷ തീരത്തെ കേന്ദ്രത്തിലായിരുന്നു പരീക്ഷണം. ഇത് രാജ്യത്തിന്റെ സൈനിക ശേഷിക്ക് ഗണ്യമായ ഉത്തേജനം നല്‍കുമെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.
സ്ട്രാറ്റജിക് ഫോഴ്‌സ് കമാന്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന പതിവ് പരിശീലന പദ്ധതിയുടെ ഭാഗമായിരുന്നു മിസൈല്‍പരീക്ഷണമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒഡീഷയിലെ എപിജെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്ന് ഇന്ന് വൈകിട്ട് 7.30നാണ് മിസൈല്‍ പരീക്ഷിച്ചത്.
മിസൈല്‍ പരീക്ഷണവുമായി ബന്ധപ്പെട്ട എല്ലാ പരാമീറ്ററുകളും കൃത്യമായി പാലിക്കപ്പെട്ടുവെന്ന് സര്‍ക്കാര്‍ പറഞ്ഞു.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് മിസൈല്‍ വികസിപ്പിച്ചത്. അഗ്‌നി പരമ്പരയിലെ നാലാമത്തേതാണ് ഇത്.