ഇന്ത്യ സ്‌കില്‍സ് 2021: പി വൈശാഖിന് വെള്ളിമെഡല്‍

Update: 2021-12-11 12:00 GMT

പെരിന്തല്‍മണ്ണ: ഡിസംബര്‍ 1 മുതല്‍ 4 വരെ വിശാഖപട്ടണത്ത് നടന്ന ഇന്ത്യ സ്‌കില്‍സ് 2021 ദക്ഷിണേന്ത്യ റീജിയണല്‍ മത്സരത്തില്‍ പി. വൈശാഖിന് വെള്ളിമെഡല്‍. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നും 19നും 24നും ഇടയില്‍ പ്രായമുള്ള നാനൂറിലധികം യുവപ്രതിഭകളാണ് വിവിധ വിഭാഗങ്ങളിലായി മത്സരിച്ചത്. യുവാക്കളുടെ തൊഴില്‍വൈദഗ്ധ്യം അവതരിപ്പിക്കുന്ന മത്സരത്തില്‍ ഇന്‍ഫര്‍മേഷന്‍ നെറ്റ്‌വര്‍ക്ക് കേബിളിങ് വിഭാഗത്തിലാണ് വൈശാഖ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത്. 

11,000 രൂപയും വെള്ളിമെഡലും പ്രശസ്തിഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 2022 ജനുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യ സ്‌കില്‍സ് ദേശീയ മത്സരത്തില്‍ പങ്കെടുക്കാനും വൈശാഖ് യോഗ്യത നേടി.

പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ വൈശാഖ് തിരുവനന്തപുരം ലുലു ഇന്റര്‍നാഷണല്‍ ഷോപ്പിങ്മാളില്‍ ഐടി എന്‍ജിനീയറാണ്.

മഞ്ചേരി തൃക്കലങ്ങോട് പൂമംഗലത്തില്‍ മോഹനന്റെയും മിനിയുടെയും മകനാണ് ഈ പ്രതിഭ.