ഇന്ത്യ- സൗദി വിമാന സര്‍വ്വീസ്; വിലക്ക് ഉടന്‍ പിന്‍വലിച്ചേക്കുമെന്ന് സൂചന

Update: 2021-10-07 02:26 GMT

റിയാദ് : സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വിമാന സര്‍വ്വീസ് വൈകാതെ പുനരാരംഭിച്ചേക്കുമെന്ന് സൂചന. ഒക്ടോബര്‍ അവസാന വാരത്തിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് മാധ്യമങ്ങളോട് പറഞ്ഞു.


കഴിഞ്ഞ മാസം ഇന്ത്യയിലെത്തിയ സൗദി വിദേശകാര്യമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനുമായി ഇന്ത്യന്‍ വിദേശ കാര്യമന്ത്രി ഡോ. എസ് ജയ്ശങ്കര്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. സൗദി അംഗീകൃത കൊവിഡ് വാക്‌സിന്‍ രണ്ട് ഡോസെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ഇല്ലാതെയും ഒരു ഡോസെടുത്തവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ സഹിതവുമുള്ള പ്രവേശനാനുമതി നല്‍കും എന്നാണ് അറിയുന്നത്. ഇതനുസരിച്ച് വാക്‌സിനെടുത്തവര്‍ സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇസര്‍വീസസില്‍ വാക്‌സിനേഷന്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് പുറപ്പെടുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ മുഖീം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതനുസരിച്ചായിരിക്കും ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമുണ്ടോയെന്ന് തീരുമാനിക്കുക.


ഇന്ത്യയടക്കം നേരിട്ട് പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍നിന്നുള്ള സൗദിയിലെ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വാക്‌സിന്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സൗദിയിലെത്തിയാല്‍ അഞ്ചുദിവസ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയും രണ്ടു ഡോസെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഇല്ലാതെയുമുള്ള അനുമതിയാണ് സൗദി സര്‍ക്കാര്‍ അധ്യാപകരടക്കമുള്ളവര്‍ക്ക് നല്‍കിയിരിക്കുന്നത്.

സൗദിയില്‍നിന്ന് വാക്‌സിന്‍ സ്വീകരിച്ച് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വ്യക്തിവിവര പോര്‍ട്ടലായ തവക്കല്‍നായില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിച്ച് ഇന്ത്യയിലെത്തിയവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് തിരിച്ചുവരുന്നതിന് തടസ്സമില്ല. അവര്‍ക്ക് ക്വാറന്റൈനും ആവശ്യമില്ല.

Tags:    

Similar News