ഉണ്ടാവേണ്ടത് ചോദ്യം ചെയ്യുന്നവരുടെയും തര്‍ക്കിക്കുന്നവരുടെയും ഇന്ത്യ: എന്‍സിഎച്ച്ആര്‍ഒ സെമിനാറില്‍ ഫാദര്‍ തേലക്കാട്ട്

Update: 2022-06-26 12:45 GMT

എറണാകുളം: അധികാരികളെ ചോദ്യം ചെയ്യുന്നവരുടെയും രാഷ്ട്രീയ നേതാക്കളുമായി തര്‍ക്കിക്കുന്നവരുടെയും ഇന്ത്യയാണ് ഉണ്ടാകേണ്ടതെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട്. ഐഎംഎ ഹാളില്‍ എന്‍സിഎച്ച്ആര്‍ഒ സംഘടിപ്പിച്ച രാഷ്ട്ര നിര്‍മ്മാണം അടിച്ചമര്‍ത്തലിലൂടെയല്ല എന്ന ശീര്‍ഷകത്തില്‍ അന്താരാഷ്ട്ര പീഡന വിരുദ്ധ ദിനത്തില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അമര്‍ത്യാസെന്നും രവീന്ദ്രനാഥ ടാഗോറും ജവഹര്‍ലാല്‍ നെഹ്‌റുവും പഠിപ്പിച്ചത് നിരന്തരമായി ചോദ്യം ചെയ്യാനും തര്‍ക്കിക്കാനുമാണ്. എങ്കിലേ ജനാധിപത്യവും മതേതരത്വവും പൗരാവകാശങ്ങളും നിലനില്‍ക്കുകയുള്ളൂ. ഓച്ഛാനിച്ചു നില്‍ക്കുന്നവരും അനുസരിക്കുന്നവരും ഒരു ജനതയേയും മുന്നോട്ടു നയിച്ചിട്ടില്ല, നയിക്കുകയുമില്ല. പന്ത്രണ്ടാം വയസ്സില്‍ കാണാതായ യേശുവിനെ അന്വേഷിച്ചു പിതാവ് വരുമ്പോള്‍ പണ്ഡിതരുമായി തര്‍ക്കിക്കുന്ന യേശുവിനെയാണ് അദ്ദേഹം കണ്ടത്. അടിക്കുമ്പോള്‍ കൊള്ളാന്‍ മാത്രമല്ല, അതിനെ ചോദ്യം ചെയ്യാനും പഠിപ്പിച്ചവനാണ് യേശു എന്നും അദ്ദേഹം പറഞ്ഞു.

സെമിനാറില്‍ എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് സുധാകരന്‍ കെ അധ്യക്ഷത വഹിച്ചു. മുരളി കണ്ണമ്പിള്ളി, പ്രൊഫസര്‍ പി കോയ, റെനി ഐലിന്‍, കെപിഒ റഹ്മത്തുല്ല, എ എം ഷാനവാസ് എന്നിവര്‍ സംസാരിച്ചു.

Similar News