ഇന്ത്യ യുഎപിഎ നിയമം ദുരുപയോഗം ചെയ്യുന്നു; ഖാലിസ്ഥാന്‍ നേതാവിനെ തിരിച്ചയക്കാനുള്ള ഇന്ത്യയുടെ അപേക്ഷ ഇന്റര്‍പോള്‍ നിരസിച്ചു

Update: 2022-10-12 09:48 GMT

ന്യൂഡല്‍ഹി: ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ തിരിച്ചയക്കണമെന്ന ഇന്ത്യന്‍ ഏജന്‍സികളുടെ ആവശ്യം ഇന്റര്‍പോള്‍ നിരസിച്ചു. ഇയാള്‍ക്കെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന സിബിഐയുടെ അഭ്യര്‍ത്ഥനയാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍(ഇന്റര്‍പോള്‍) നിരസിച്ചത്.

ഇന്റര്‍പോള്‍ ആവശ്യപ്പെട്ട എല്ലാ രേഖകളും ഇന്ത്യ നല്‍കിയിരുന്നെങ്കിലും ഇന്റര്‍പോള്‍ തുടര്‍നടപടി സ്വീകരിച്ചില്ല.

യുഎപിഎ നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന അന്താരാഷ്ട്ര തലത്തിലുള്ള റിപോര്‍ട്ടുകളാണ് സിബിഐയുടെ ആവശ്യം നിരസിച്ചതിനുപിന്നില്‍.

ഇന്ത്യ രാജ്യത്തെ ന്യൂനപക്ഷങ്ങളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും ലക്ഷ്യമിടുന്നുവെന്ന ആരോപണം വ്യാപകമാണ്.

ധര്‍മശാലയിലെ ഹിമാചല്‍ പ്രദേശ് അസംബ്ലിയുടെ ചുവരുകളില്‍ 'ഖലിസ്ഥാന്‍' ബാനറുകളും ചുവരെഴുത്തുകളും പ്രത്യക്ഷപ്പെട്ടതുമായി ബന്ധപ്പെട്ട് കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ) സ്ഥാപകനും നിയമ ഉപദേഷ്ടാവുമായ ഗുര്‍പത്വന്ത് സിങ്ങിനെതിരേ കേസെടുത്തിരുന്നു. അദ്ദേഹത്തിന്റെ സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസ് ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2019ല്‍ കേന്ദ്രം നിരോധിച്ചിരുന്നു.

ഖാലിസ്ഥാന്‍ നേതാവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ എന്‍ഐഎ ഇനാം പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News