ഇന്ത്യയ്‌ക്കെതിരായ 50% താരിഫ് കുറയ്ക്കാന്‍ സാധ്യത; സൂചന നല്‍കി യുഎസ് ട്രഷറി സെക്രട്ടറി
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരേ ഏര്‍പ്പെടുത്തിയിരുന്ന 50 ശതമാനം തീരുവ പകുതിയായി കുറയ്ക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകളുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് 25 ശതമാനം അധിക താരിഫ് ചുമത്തിയതായി ബെസെന്റ് പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ കമ്പനികളുടെ റഷ്യന്‍ എണ്ണ വാങ്ങലില്‍ ഗണ്യമായ കുറവുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു. 'റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യയ്ക്ക് 25% താരിഫ് ചുമത്തി. അതിനുശേഷം ഇന്ത്യന്‍ സംസ്‌കരണ ശാലകളുടെ റഷ്യന്‍ എണ്ണ ഇറക്കുമതി കുറഞ്ഞു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നുള്ള ഒരു വിജയമാണ്,' ബെസെന്റ് പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരായ താരിഫുകള്‍ നിലവിലുണ്ടെങ്കിലും, അവ നീക്കം ചെയ്യാനുള്ള വഴികള്‍ അമേരിക്കന്‍ ഭരണകൂടം പരിഗണിക്കുന്നുണ്ടെന്നും ട്രഷറി സെക്രട്ടറി സൂചിപ്പിച്ചു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് കുറച്ചെന്ന് പറയുന്ന ആദ്യത്തെ യുഎസുകാരനല്ല ബെസെന്റ്. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സമാനമായ ഒരു പ്രസ്താവന ഇറക്കിയിരുന്നു. റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് ഏറെക്കുറെ നിര്‍ത്തിയെന്നും വ്യാപാര ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.
അതേസമയം, ഈ അവകാശവാദങ്ങള്‍ ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2025 ഒക്ടോബറോടെ റഷ്യയുമായുള്ള എണ്ണവ്യാപാരം ഇന്ത്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നുവെങ്കിലും, കേന്ദ്ര സര്‍ക്കാര്‍ ഈ വാദം നിഷേധിച്ചിരുന്നു.
