യൂറോപ്യന്‍ സ്വതന്ത്ര വ്യാപാര കരാറില്‍ ചൈനീസ് വാഹന നിര്‍മാതാക്കളുടെ മുതലെടുപ്പ് തടഞ്ഞ് ഇന്ത്യ

Update: 2026-01-29 10:03 GMT

മുംബൈ: യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാര കരാറില്‍ ചൈനീസ് വാഹന നിര്‍മാതാക്കള്‍ക്ക് അന്യായ നേട്ടം ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചു. യൂറോപ്യന്‍ വാഹന ഇറക്കുമതിക്ക് അനുവദിച്ച താരിഫ് ഇളവ് ചൈനീസ് കമ്പനികള്‍ പ്രയോജനപ്പെടുത്തുമെന്ന ആശങ്ക കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനയുടെ പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡി യൂറോപ്യന്‍ യൂണിയനിലെ ഫാക്ടറികള്‍ വഴിയായി കുറഞ്ഞ തീരുവയില്‍ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയനിലെ 27 അംഗ രാജ്യങ്ങളില്‍ നിന്നുള്ള എട്ടു വാഹന നിര്‍മാണ കമ്പനികള്‍ക്ക് മാത്രമേ കരാര്‍ പ്രകാരം താരിഫ് ഇളവ് അനുവദിക്കൂവെന്ന് ഇന്ത്യ വ്യക്തമാക്കി.

നിലവില്‍ യൂറോപ്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമുള്ള ബിവൈഡിക്ക് പുറമെ, ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയും യൂറോപ്പില്‍ വാഹന നിര്‍മാണവും വില്‍പ്പനയും നടത്തുന്നുണ്ട്. അമേരിക്കന്‍ വാഹന നിര്‍മാതാക്കളില്‍ ഭൂരിഭാഗത്തിനും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫാക്ടറികളുണ്ട്. യൂറോപ്യന്‍ വഴി മറ്റു രാജ്യങ്ങളിലെ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് വാഹനങ്ങള്‍ ഇറക്കുമതി ചെയ്താല്‍ ആഭ്യന്തര വ്യവസായത്തിന് കനത്ത തിരിച്ചടിയുണ്ടാകുമെന്ന ആശങ്ക ടാറ്റ മോട്ടോര്‍സും മഹീന്ദ്രയും കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് യൂറോപ്പിന് പുറത്തുള്ള കമ്പനികള്‍ക്ക് താരിഫ് ഇളവ് നിഷേധിക്കുന്നതിനുള്ള വ്യവസ്ഥകള്‍ വ്യാപാര കരാറില്‍ ഉള്‍പ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

വ്യാപാര കരാര്‍ പ്രകാരം പത്തു വര്‍ഷത്തിനുള്ളില്‍ 90,000 ഇലക്ട്രിക് വാഹനങ്ങളും 1.6 ലക്ഷം പെട്രോള്‍, ഡീസല്‍ ഉള്‍പ്പെടുന്ന ഇന്റേണല്‍ കംപഷന്‍ എഞ്ചിന്‍ (ഐസിഇ) വാഹനങ്ങളും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യാന്‍ അനുവാദമുണ്ടാകും. ആദ്യ വര്‍ഷം ഐസിഇ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ 110 ശതമാനത്തില്‍ നിന്ന് 30-35 ശതമാനമായി കുറയ്ക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇത് 10 ശതമാനമായി താഴ്ത്തും. ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി അഞ്ചാം വര്‍ഷത്തിന് ശേഷം മാത്രമേ അനുവദിക്കൂ. 15,000 യൂറോ (ഏകദേശം 16.5 ലക്ഷം രൂപ) വിലയ്ക്കും അതിന് മുകളിലുമുള്ള കാറുകള്‍ക്കു മാത്രമേ തീരുവ ഇളവ് ലഭിക്കൂ. ഇന്ത്യയിലെ ആഭ്യന്തര വാഹന വിപണിയുടെ ഏകദേശം 90 ശതമാനവും 15 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags: