ഡിറ്റ്‌വ ചുഴലിക്കാറ്റ്: ശ്രീലങ്കയ്ക്ക് 45 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ച് ഇന്ത്യ
കൊളംബോ: ഡിറ്റ്‌വ ചുഴലിക്കാറ്റും തുടര്‍ന്നുണ്ടായ പ്രളയവും മൂലം കനത്ത നാശനഷ്ടം നേരിട്ട ശ്രീലങ്കയ്ക്ക് 45 കോടി ഡോളറിന്റെ (ഏകദേശം 4,034 കോടി രൂപ) സഹായം പ്രഖ്യാപിച്ച് ഇന്ത്യ. വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ ശ്രീലങ്കാ സന്ദര്‍ശനത്തിനിടെയാണ് സഹായ പ്രഖ്യാപനം നടന്നത്. 35 കോടി ഡോളര്‍ ഇളവോടുകൂടിയ ലൈന്‍ ഓഫ് ക്രെഡിറ്റായും (എല്‍ഒസി) 10 കോടി ഡോളര്‍ വിവിധ ഗ്രാന്റുകളായുമാണ് നല്‍കുക. ശ്രീലങ്കന്‍ സര്‍ക്കാരുമായി വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം പദ്ധതിക്ക് അന്തിമ അംഗീകാരം നല്‍കുമെന്ന് അറിയിച്ചു. നിശ്ചിത പരിധിവരെ ആവശ്യമുള്ളപ്പോള്‍ കടമെടുക്കാനും തിരിച്ചടയ്ക്കാനും കഴിയുന്ന വായ്പാ സൗകര്യമാണ് എല്‍ഒസി. തിരിച്ചടച്ച തുക വീണ്ടും ഉപയോഗിക്കാനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത.
പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, റെയില്‍വേ ശൃംഖല, പാലങ്ങളുടെ പുനര്‍നിര്‍മാണം, വീടുകളുടെ പുനര്‍നിര്‍മാണവും ദുരിതബാധിത കുടുംബങ്ങളുടെ പുനരധിവാസവും, ആരോഗ്യവിദ്യാഭ്യാസ മേഖലകള്‍ക്ക് പിന്തുണ, കൃഷി മേഖലയുടെ പുനരുജ്ജീവനം, ഭാവി ദുരന്തങ്ങളെ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ എന്നീ അഞ്ചു പ്രധാന മേഖലകളിലാണ് സഹായം വിനിയോഗിക്കുക.
ശ്രീലങ്ക പ്രതിസന്ധി നേരിടുമ്പോള്‍ സഹായവുമായി മുന്നോട്ട് വരുന്നത് ഇന്ത്യയുടെ സ്വാഭാവികമായ കടമയാണെന്നും അതില്‍ അഭിമാനമുണ്ടെന്നും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ വ്യക്തമാക്കി.
