ന്യൂഡല്‍ഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഹജ്ജ്-2026 ലെ ഉഭയകക്ഷി ഹജ്ജ് കരാറില്‍ ഒപ്പുവച്ച് ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു. നവംബര്‍ 7 മുതല്‍ 9 വരെ സൗദി അറേബ്യയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്ന റിജിജു, ഞായറാഴ്ച ജിദ്ദയില്‍ സൗദി ഹജ്ജ്, ഉംറ മന്ത്രി തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബിയയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
2026 ലെ തീര്‍ഥാടനത്തിനായി ഇന്ത്യയുടെ ക്വാട്ട 175,025 ആയി സ്ഥിരീകരിച്ചു. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ തീര്‍ത്ഥാടന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടികാഴ്ചയില്‍ വീണ്ടും ഉറപ്പിച്ചു.
ഹജ്ജ്-2026 ന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി റിജിജു റിയാദിലെ ഇന്ത്യന്‍ എംബസി, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി അവലോകന യോഗവും നടത്തി.