അതിര്‍ത്തിയില്‍ ഇന്ത്യയും ചൈനയും 'വാക്‌സിന്‍ യുദ്ധ'ത്തില്‍

Update: 2021-01-21 16:14 GMT

ന്യൂഡല്‍ഹി: വാക്‌സിന്‍ കയറ്റുമതിയെ അയല്‍രാജ്യങ്ങളെ വരുതിയിലാക്കാനുള്ള നീക്കത്തിന്റെ ഭാഗമാക്കി ഇന്ത്യയും ചൈനയും. അയല്‍രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്‌സിന്‍ എത്തിച്ചുതുടങ്ങിയതിനു പിന്നാലെ സ്വന്തം സ്വാധീനം വര്‍ധിപ്പിക്കാനുള്ള ശ്രമം ചൈനയും ആരംഭിച്ചു. ആറ് രാജ്യങ്ങളിലേക്കാണ് ഇന്ത്യ വാക്‌സിന്‍ കയറ്റിയയക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളാണ് ആദ്യ പട്ടികയിലുളളത്. അതില്‍ മൂന്ന് രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനിലേക്കും ശ്രീലങ്കയിലേക്കും വാക്‌സിന്‍ കയറ്റിയയക്കാനുളള നടപടി തുടങ്ങിക്കഴിഞ്ഞു.

ഇതിനു പകരമായി പാകിസ്താനിലേക്ക് കയറ്റിയയക്കാനാണ് ചൈനയുടെ ശ്രമം. 5,00,000 ഡോസ് വാക്‌സിന്‍ പാകിസ്താന് ചൈന വാഗ്ദനം നല്‍കിയിട്ടുണ്ട്.

ബംഗ്ലാദേശിലെ ധക്കയില്‍ വാക്‌സിന്‍ എത്തിക്കഴിഞ്ഞതായി റിപോര്‍ട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപോര്‍ട്ട് ചെയ്തത്. ധക്കയിലേക്ക് 2 ദശലക്ഷം ഡോസാണ് എത്തിച്ചിരിക്കുന്നത്. മ്യാന്‍മറിലേക്ക് 1.5 ദശലക്ഷം, സീഷെല്‍സിലേക്ക് 50,000 വാക്‌സിനും അയയ്ക്കാന്‍ തീരുമാനിച്ചു.

ചൈനീസ് പ്രധാനമന്ത്രി വാങ് യിയുമായി പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹമ്മൂദ് ഖുറേശി നടത്തിയ ഫോണ്‍ സംഭാഷണത്തിനുശേഷമാണ് പാകിസ്താനിലേക്ക് വാക്‌സിന്‍ അയക്കാന്‍ തീരുമാനിച്ചത്. ചൈന സിനൊഫാര്‍മ് വാക്‌സിനാണ് അയയ്ക്കുന്നത്.

ചൈന ആദ്യമായി വാക്‌സിന്‍ നല്‍കുന്ന വിദേശരാജ്യം പാകിസ്താനാണ്. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ അയക്കാനും പദ്ധതിയുണ്ട്.

അയല്‍രാജ്യങ്ങളെ കൈപ്പിടിയിലാക്കുന്ന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യയും ചൈനയും വാക്‌സിനെ ഉപയോഗപ്പെടുത്തിയേക്കുമെന്ന സൂചന നേരത്തെത്തന്നെ പുറത്തുവന്നിരുന്നു.

ഇന്ത്യയ്ക്ക് ആഭ്യന്തരമായി കൊവിഡ് വാക്‌സിന്‍ ആവശ്യം രൂക്ഷമാണെങ്കിലും ചൈന കച്ചകെട്ടിയിറങ്ങിയതോടെ തെക്കേഷ്യയില്‍ സ്വാധീനമുറപ്പിക്കാന്‍ വാക്‌സിന്‍ അയക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.

അതേസമയം അത്യവശ്യസമയങ്ങളില്‍ അതിര്‍ത്തിയില്‍ ആദ്യമെന്ന പോളിസി ഇന്ത്യ പിന്തുടരുകയാണെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം.

Tags:    

Similar News