'സ്വതന്ത്രതമിഴ്‌നാട് വാദം രാജ്യദ്രോഹം': എ രാജയ്‌ക്കെതിരേ തമിഴ്‌നാട് ബിജെപി

Update: 2022-07-06 15:21 GMT

ന്യൂഡല്‍ഹി: 1960കളില്‍ ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവായ തന്തൈ പെരിയാര്‍ മുന്നോട്ടുവച്ച സ്വതന്ത്രതമിഴ്‌നാട് വാദം പുനരുജ്ജീവിപ്പിക്കേണ്ടിവരുമെന്ന മുന്‍ കേന്ദ്ര മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജയുടെ പരാമര്‍ശത്തെ തമിഴ്‌നാട് ബിജെപി രൂക്ഷമായി വിമര്‍ശിച്ചു.

'തമിഴ്‌നാട് ഇന്ത്യയില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എ രാജയുടെ പ്രസംഗം രാജ്യദ്രോഹപരമായിരുന്നു... ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് അദ്ദേഹം പറഞ്ഞത് കുറ്റകരമാണ്. ഇത് ദേശവിരുദ്ധ പരാമര്‍ശമാണ്'- സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈ പറഞ്ഞു.

തമിഴ്‌നാടിന്റെ സ്വയംഭരണാവകാശം വെട്ടിക്കുറച്ച് സ്വതന്ത്രപദവി ആവശ്യപ്പെടുന്നതിലേക്ക് കേന്ദ്രസര്‍ക്കാര്‍ തള്ളിവിടരുതെന്നാണ് ഞായറാഴ്ച നടന്ന യോഗത്തില്‍ രാജ പറഞ്ഞത്.

'എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നു, അഖണ്ഡതയ്ക്കായി ഹിന്ദി പഠിക്കൂ എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. പാര്‍ട്ടിയുടെ സ്ഥാപകന്‍ പെരിയോര്‍ മരണം വരെ ഒരു 'തനി നാട്' ആവശ്യപ്പെട്ടിരുന്നു. പക്ഷേ ഞങ്ങള്‍ (ഡിഎംകെ) നമ്മുടെ ജനാധിപത്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ആ ആവശ്യം മാറ്റിവച്ചു'- മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ രാജ പറഞ്ഞു.

'ഞാന്‍ അമിത് ഷായോടും പ്രധാനമന്ത്രിയോടും അങ്ങേയറ്റം വിനയത്തോടെ പറയുന്നു, വേദിയിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, നമ്മുടെ മുഖ്യമന്ത്രി മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ സി എന്‍ അണ്ണാദുരൈയുടെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. പെരിയോറിന്റെ പാതയിലേക്ക് ഞങ്ങളെ തള്ളിവിടരുത്. ഞങ്ങളെ പ്രത്യേക രാജ്യം ആവശ്യപ്പെടാന്‍ നിര്‍ബന്ധിക്കരുത്- അദ്ദേഹത്തെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു.

ഡിഎംകെ പണ്ടോറയുടെ പെട്ടി തുറന്നുവെന്ന് ആരോപിച്ച അണ്ണാമലൈ വിഷയം എ രാജയ്ക്ക് നല്‍കിയത് മുഖ്യമന്ത്രി തന്നെയാണെന്ന് ആരോപിച്ചു.

Tags: