മുംബൈ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മഹാരാഷ്ട്രയില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ഇന്നാരംഭിച്ചു. റസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനയായ മഹാരാഷ്ട്ര സ്‌റ്റേറ്റ് അസോസിയേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്‌സ് ആണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
അക്കാദമിക് ഫീസ് ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. കൂടാതെ ഹോസ്റ്റലിലെ സ്ഥിതി ശോചനീയമാണെന്നും അത് പരിഹരിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നതായി എംഎആര്‍ഡി അംഗം ഡോ. അക്ഷയ് യാദവ് പറഞ്ഞു.
റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് നല്‍കുന്ന സ്‌റ്റൈപ്പന്റില്‍ നിന്ന് ടിഡിഎസ് പിടിക്കരുതെന്നും പല സര്‍ക്കാര്‍ ആശുപത്രികളിലും റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ഇന്‍സന്റീവുകള്‍ ലഭിച്ചിട്ടില്ലെന്നും ഡോ. യാദവ് പറഞ്ഞു.
ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 11ന് ആരോഗ്യവകുപ്പ് യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ എഴുതിത്തയ്യാറാക്കിയ ഉറപ്പുകളാണ് വേണ്ടതെന്നും ഡോക്ടര്‍മാരുടെ സംഘടന പറയുന്നു.
എന്നാല്‍ അടിയന്തര സര്‍വീസുകള്‍ക്ക് മുടക്കം വരുത്തില്ലെന്ന് സംഘടന തീരുമാനിച്ചിട്ടുണ്ട്.