സ്വര്‍ണവിലയിലെ വര്‍ധന; കേരളത്തിലെ പല കടകളും അടച്ചുപൂട്ടലിന്റെ വക്കില്‍

Update: 2025-08-30 11:06 GMT

തിരുവനന്തപുരം: സ്വര്‍ണവില കൂടുന്നത് കേരളത്തിലെ സ്വര്‍ണവ്യാപാരികളെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്. കേരളത്തില്‍ പല കടകളിലും സ്വര്‍ണവില്‍പ്പന കുറഞ്ഞെന്ന് പറയുകയാണ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജസ്റ്റിന്‍ പാലത്തറ. കേരളത്തിലെ ഒരു പ്രമുഖ മലയാളം മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

സ്വര്‍ണത്തിന്റെ വില വലിയ തോതിലാണ് കൂടുന്നത്. ഇന്ന് മാത്രം കൂടിയത് 1200 രൂപയാണ്. ഇതോടെ ഒരു പവന്റെ വില 76,960 രൂപയിലേക്ക് എത്തി. വിലയിലെ ഈ വര്‍ധന സ്വര്‍ണം വാങ്ങുന്നവരില്‍ മാത്രമല്ല ആശങ്കയുണ്ടാകുന്നതെന്നും അത് സ്വര്‍ണവ്യാപാരികള്‍ക്കും പ്രശ്‌നമായി കൊണ്ടിരിക്കുകയാണെന്നും ജസ്റ്റിന്‍ പാലത്തറ പറഞ്ഞു.

നമുക്ക് ആര്‍ക്കും ഈ വില നിയന്ത്രിക്കാന്‍ സാധിക്കുന്ന ഒന്നല്ല എന്നും അന്താരാഷ്ട്ര വിലയനുസരിച്ചാണ് വിലയില്‍ മാറ്റം വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗ്രാം പോലും വില്‍ക്കാന്‍ സാധിക്കാത്ത കടകളുണ്ട് കേരളത്തിലെന്നും ഇത് ഭയാനകമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്വര്‍ണവില ക്രമാതീതമായി വര്‍ധിക്കുന്നെന്ന് കേള്‍ക്കുമ്പോള്‍ സ്വര്‍ണക്കടക്കാര്‍ രക്ഷപ്പെട്ടെന്നും ലാഭം കൂടിയെന്നുമാണ് പലരുടെയും വിചാരമെന്നും എന്നാല്‍ ക്രയവിക്രയം നടന്നില്ലെങ്കില്‍ കച്ചവടക്കാരന് ലാഭം വരുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

Tags: