ആദായ നികുതിയില്‍ തൊടാതെ,മധ്യവര്‍ഗത്തെ പിഴിയാതെ ന്യായ്: രാഹുല്‍ ഗാന്ധി

Update: 2019-04-05 09:19 GMT

പൂനെ: കോണ്‍ഗ്രസ് പ്രകടനപത്രികയിലെ ന്യായ് പദ്ധതിക്ക് പണം കണ്ടെത്താന്‍ ആദായ നികുതി ഉയര്‍ത്തില്ലെന്ന് രാഹുല്‍ ഗാന്ധി. പൂനെയില്‍ വിദ്യാര്‍ഥികളോട് സംവദിക്കവെയാണ് രാജ്യത്തെ 20 കോടി പാവപ്പെട്ടവര്‍ക്ക് ചുരുങ്ങിയ വരുമാനമായ 72,000 രൂപ വര്‍ഷം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ന്യായ് പദ്ധതിക്ക് പണം കണ്ടെത്താന്‍ മധ്യവര്‍ഗത്തെ പിഴിയില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കിയത്. ആദായ നികുതി ഉയര്‍ത്തി വരുമാനം കണ്ടെത്തുമെന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്ര്യത്തിനെതിരെയുള്ള മിന്നലാക്രണം എന്നാണ് രാഹുല്‍ ന്യായ് പദ്ധതിയെ വിശേഷിപ്പിച്ചത്.

സാധാരണക്കാരുടെ കീശയില്‍ നിന്നും ന്യായ് പദ്ധതിക്കുള്ള പണം വസൂലാക്കില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. പദ്ധതിക്ക് പണം കണ്ടെത്തുന്നതിനുള്ള എല്ലാ കണക്കു കൂട്ടലും നടത്തിയാണ് ന്യായ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പ്രകടന പത്രിക തയ്യാറാക്കിയത് എല്ലാവിഭാഗങ്ങളിലുമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തിയതിന് ശേഷമാണെന്നും അധികാരത്തിലെത്തിയാല്‍ പാര്‍ലമെന്റിലും നിയമസഭയിലും 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുമെന്നും രാഹുല്‍ ഗാന്ധി ഉറപ്പുനല്‍കി.

Similar News