ആദായനികുതി റെയ്ഡ്: കൊല്‍ക്കത്തയില്‍ ഒരൊറ്റ ദിവസം കണ്ടെത്തിയത് 300 കോടി രൂപയുടെ അനധികൃത സ്വത്ത്

Update: 2021-02-11 01:07 GMT

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് കൊല്‍ക്കത്തയില്‍ ഒരൊറ്റ ദിവസം നടന്ന റെയ്ഡില്‍ കണ്ടെടുത്തത് 300 കോടി രൂപയുടെ സ്വത്തെന്ന് കേന്ദ്ര ധനവകുപ്പ്. കൊല്‍ക്കൊത്ത കേന്ദ്രീകരിച്ച് ഫാര്‍മ, ലാബറട്ടറി, സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ഗ്രൂപ്പുകളുടെ വിവിധ ശാഖകളില്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും തുകയുടെ സ്വത്ത് കണ്ടെത്തിയത്. പണമായും ആഭരണമായും പിടികൂടിയതും കൂടെ ഉള്‍പ്പെടുന്നതാണ് ഈ തുക.

പണമായി ഏകദേശം 87 ലക്ഷവും ആഭരണമായി 61 ലക്ഷവും പിടികൂടിയിട്ടുണ്ട്. എട്ട് ബാങ്ക് ലോക്കറുകള്‍ ആദായനികുതി വകുപ്പ് നിരീക്ഷണത്തില്‍ വച്ചിട്ടുണ്ട്. ഗ്രൂപ്പിന്റെ ഉടമകള്‍ക്ക് 50 കോടി രൂപയുടെ ആസ്തിക്ക് രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ല.

ആദായനികുതി വകുപ്പിന്റെ വിവിധ രേഖകളും മാര്‍ക്കറ്റില്‍ നിന്നുള്ള വിവരങ്ങളും ധനപരമായ രേഖകളും പരിശോധിച്ചാണ് ആദായനികുതി വകുപ്പ് അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചത്.

വ്യാജ കമ്പനികള്‍ വഴി പണം വഴി തിരിച്ചുവിട്ടതായും വ്യാജലോണുകളെടുത്ത് നികുതി വെട്ടിച്ചതായും കണ്ടെത്തി. ഇതിന് സഹായിക്കുന്ന ഒരാളെക്കുറിച്ചുള്ള വിവറങ്ങളും ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News