എം കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടിലടക്കം ചെന്നൈയില്‍ നാലിടത്ത് ആദായനികുതി പരിശോധന

Update: 2021-04-02 08:42 GMT

ചെന്നൈ: പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കളുടെയും ബന്ധുക്കളുടെയും വീടുകളിലുള്ള കേന്ദ്ര ഏജന്‍സികളുടെ പരിശോധന തുടരുന്നു. ഡിഎംകെ മേധാവി എം കെ സ്റ്റാലിന്റെ മരുമകന്റെ വീടടക്കം നാല് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഇന്ന് രാവിലെ 8 മണിക്കാണ് പരിശോധന തുടങ്ങിയത്.

ആദായ നികുതി വകുപ്പ് അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഡിഎംകെ മേധാവി ആരോപിച്ചു. ചെന്നൈയില്‍ സ്റ്റാലിന്റെ മകള്‍ ചെന്താമരയുടെ ഭര്‍ത്താവ് ശബരീശന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തിയത്.

എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് തിരഞ്ഞെടുപ്പില്‍ വിജയം വരിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ആദായ നികതി വകുപ്പ് പെരുമാറുന്നതെന്ന് സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

ചെന്നൈയ്ക്ക് പുറത്ത് നീലാന്‍ങ്കരൈയിലാണ് സ്റ്റാലിന്റെ മകള്‍ ചെന്താമരൈ ശബരീശനോടൊപ്പം താമസിക്കുന്നത്. തിരഞ്ഞെടുപ്പ് ചിലവിലേക്ക് പണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശബീശന്റെയും കാര്‍ത്തിക്, ബാല എന്നിവരുടെയും ഉടമസ്ഥതയിലാണ് പരിശോധന നടന്ന സ്ഥാപനങ്ങള്‍. ഇതില്‍ കാര്‍ത്തിക് അണ്ണാനഗറിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി മോഹന്റെ മകനാണ്.

ശബരീശന്‍ ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും തന്ത്രങ്ങളുടെയും സൂത്രധാരനായി അറിയപ്പെടുന്നയാളാണ്.

''ഞാന്‍ എം കെ സ്റ്റാലിന്‍. സ്റ്റാലിന്‍ അടിയന്തിരാവസ്ഥയെയും മിസയും അനുഭവിച്ചിട്ടുണ്ട്. ആദായനികുതി പരിശോധന കണ്ട് ഞാന്‍ ഭയപ്പെടില്ല. ഞങ്ങള്‍ എഐഎഡിഎംകെ നേതാക്കളെപ്പോലെയാണെന്ന് പ്രധാനമന്ത്രി കരുതരുത്''- സ്റ്റാലിന്‍ പറഞ്ഞു.

ഇന്ന് രാവിലെയാണ് ഞാന്‍ ചെന്നൈയില്‍ നിന്നാണ് ട്രിച്ചിയിലേക്ക് വന്നത്. എന്റെ മകളുടെ വീട്ടില്‍ ഇന്ന് രാവിലെ പരിശോധന നടന്നു. മോദി സര്‍ക്കാര്‍ എഎഐഎംഡികെ സര്‍ക്കാരിനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഞാന്‍ മോദിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് ഡിഎംകെയാണെന്ന കാര്യം മറക്കരുത്. ഞാന്‍ കലൈഞ്ജറുടെ മകനാണ്. ഇതൊന്നുംകണ്ട് ഞാന്‍ പേടിക്കില്ല''- പെരുംബലൂരില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്തുകൊണ്ട് സ്റ്റാലിന്‍ പറഞ്ഞു.

Tags:    

Similar News