ബാലുശ്ശേരിയില്‍ യുവാവിന് മര്‍ദ്ദനമേറ്റ സംഭവം: ഗോത്രവര്‍ഗ കമ്മീഷന്‍ കേസെടുത്തു

Update: 2022-06-30 02:14 GMT

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ പട്ടികജാതിയില്‍പ്പെട്ട ജിഷ്ണുരാജ് എന്ന യുവാവിനെ ആക്രമിക്കുകയും അധിക്ഷേപിക്കുകയും വീഡിയോ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

അട്ടപ്പാടിയില്‍ മധുവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് സമാനമാണ് ഈ ആള്‍ക്കൂട്ട ആക്രമണം എന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

പട്ടികജാതിക്കാരനായ യുവാവിനെ സംഘം ചേര്‍ന്ന് ബന്ദിയാക്കി ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പച്ചവര്‍ക്കെതിരെ കൊലപാതകശ്രമം, ഭീകരപ്രവര്‍ത്തനം, പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരമുള്ള നിയമനടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാനും പട്ടികജാതിക്കാരനായ യുവാവിനെ സംരക്ഷിക്കാതെ നിയമ വിരുദ്ധമായി അക്രമികളെ സംരക്ഷിച്ച പോലിസുകാര്‍ക്കെതിരെ പട്ടികജാതി പട്ടികവര്‍ഗ അതിക്രമ നിരോധന നിയമപ്രകാരം കേസെടുത്ത് പദവികളില്‍ നിന്ന് മാറ്റി നിര്‍ത്തി അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കുവാനും കോഴിക്കോട് ജില്ലാ പോലിസ് മേധാവി (റൂറല്‍)ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.