സ്‌കൂളില്‍ ആര്‍ത്തവ പരിശോധനയ്ക്കായി വിദ്യാര്‍ഥിനികളെ നഗ്‌നരാക്കിയ സംഭവം; കുറ്റവാളിള്‍ക്കതിരേ കര്‍ശന നടപടി: മഹാരാഷ്ട്ര മുഖ്യമന്ത്രി

Update: 2025-07-10 09:56 GMT

മുംബൈ: താനെയിലെ സ്‌കൂളില്‍ ആര്‍ത്തവ പരിശോധനയ്ക്കായി വിദ്യാര്‍ഥിനികളെ നഗ്‌നരാക്കിയ സംഭവത്തില്‍ നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിര്‍ദേശം നല്‍കി.

താനെയിലെ ഷഹാപൂര്‍ പ്രദേശത്തുള്ള സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം. സ്‌കൂളിലെ ടോയ്‌ലറ്റില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആര്‍ത്തവ പരിശോധന നടത്താന്‍ സ്‌കൂള്‍ ആധികൃതര്‍ എത്തിയത്. വിഷയം അറിഞ്ഞ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ പരിസരത്ത് പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട മാനേജ്‌മെന്റിനും അധ്യാപകര്‍ക്കും എതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം.

സംഭവത്തെതുടര്‍ന്ന്, ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 74 (സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെയുള്ള ആക്രമണം അല്ലെങ്കില്‍ ക്രിമിനല്‍ ബലപ്രയോഗം), 76 (ക്രിമിനല്‍ ബലപ്രയോഗം), ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളെ സംരക്ഷിക്കല്‍ (പോക്‌സോ) നിയമത്തിലെ വ്യവസ്ഥകള്‍ എന്നിവ പ്രകാരം എട്ട് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.സംഭവത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും വനിതാ അറ്റന്‍ഡറെയും പോലിസ് അറസ്റ്റ് ചെയ്തു.

കുറ്റവാളികളെ വെറുതെ വിടരുതെന്ന് കോണ്‍ഗ്രസ് നിയമസഭാംഗം ജ്യോതി ഗെയ്ക്‌വാദ് പറഞ്ഞു. സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു

Tags: