വാളയാറില്‍ അതിഥി തൊഴിലാളിയെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊന്ന സംഭവം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
പാലക്കാട് ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം
വാളയാര്‍: വാളയാറിലെ ആള്‍ക്കൂട്ടക്കൊലയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പാലക്കാട് ജില്ലാ പോലിസ് മേധാവി അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തിസ്ഗഢ് സ്വദേശി രാം നാരായണന്‍ വയ്യാറിനെ ബിജെപി പ്രവര്‍ത്തകരുള്‍പ്പെടെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമെന്ന് പോലിസ്. മണിക്കൂറുകള്‍ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാള്‍ നേരിട്ടതെന്നാണ് പോസറ്റ്മോര്‍ട്ടം റിപോര്‍ട്ട്. മര്‍ദനമേറ്റ് ചോരതുപ്പി നിലത്തുവീണ ശേഷം ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചാണ് വീണ്ടും തല്ലി കൊലപ്പെടുത്തിയത്. കേസില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ അഞ്ചു പേരെ വാളയാര്‍ പോലിസ് അറസ്റ്റു ചെയ്തിരുന്നു.
അതിഥി തൊഴിലാളി ജോലി തേടി നാലു ദിവസം മുന്‍പായിരുന്നു വാളയാറില്‍ വന്നത്. പരിചയമില്ലാത്ത സ്ഥലമായതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. മൂന്നു വര്‍ഷം മുന്‍പേ ഭാര്യ ഉപേക്ഷിച്ച് പോയതോടെ ചില മാനസിക പ്രശ്നങ്ങള്‍ രാംനാരായണനു ഉണ്ടായിരുന്നു. ബുധന്‍ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്ഗഡ് സ്വദേശി രാമനാരായണന്‍ ഭയ്യാറി(31)നെ സംഘം ചേര്‍ന്ന് ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാര്‍ രക്തം ഛര്‍ദ്ദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് നാട്ടുകാരും പോലിസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധന്‍ രാത്രിയോടെ മരിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും പോലിസ് പറഞ്ഞു.
കിഴക്കേ അട്ടപ്പള്ളം അനന്തന്‍(55), ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ അനു(38), അട്ടപ്പള്ളം മഹാളിക്കാട് സ്വദേശികളായ സി പ്രസാദ്(34), സി മുരളി(38), കിഴക്കേ അട്ടപ്പള്ളം സ്വദേശി കെ ബിബിന്‍(30) എന്നിവരെയാണ് ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളിയെ മര്‍ദ്ദിച്ചവരാണ് അഞ്ചു പേരും.
