ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനേഷിനെ ആക്രമിച്ച സംഭവം; ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് സിപിഎം
പാലക്കാട്: വാണിയംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനേഷിനെ ആക്രമിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരേ സിപിഎം. വിനേഷിനെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാര്‍ പറഞ്ഞു. പരിക്കേറ്റ വിനേഷിന്റെ ചികില്‍സ ഏറ്റെടുക്കാന്‍ പാര്‍ട്ടി ബാധ്യസ്ഥമാണെന്നും എസ് അജയകുമാര്‍ പറഞ്ഞു.
നിലവില്‍ വെന്റിലേറ്ററില്‍ കഴിയുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വിനേഷ് രക്ഷപ്പെട്ടാലും കോമയിലാകാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിനേഷിന്റെ തലച്ചോറില്‍ തീവ്രമായ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും യുവാവ് അതീവ ഗുരുതരാവസ്ഥയിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ഇപ്പോഴും വിനേഷ് അബോധാവസ്ഥയിലാണ്.
ആക്രമണത്തിന് പിന്നില്‍ വ്യക്തിവിരോധമാണെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. രാഷ്ട്രീയ കാരണങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുവെന്നും പോലിസ് വ്യക്തമാക്കി. പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബാറില്‍ ഉണ്ടായിരുന്ന വിനേഷിനെ അവിടെ നിന്ന് വിളിച്ചിറക്കിയാണ് പ്രതികള്‍ ആക്രമിച്ചത്. വിനേഷ് ബാറിലുണ്ടെന്ന് നേരത്തേ തന്നെ മനസിലാക്കിയാണ് പ്രതികള്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നും പോലിസ് കണ്ടെത്തി. ആക്രമിച്ചത് കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെയല്ലെന്നാണ് പ്രതികളുടെ മൊഴി. വിനേഷ് ഫേസ്ബുക്കില്‍ നടത്തിയ പ്രസ്താവനകളും പോസ്റ്റുകളുമാണ് പ്രകോപനമെന്നും ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമിച്ചതെന്നും പ്രതികള്‍ മൊഴി നല്‍കി.
