ഗവേഷണ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ച സംഭവം; അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: ഗവേഷണ വിദ്യാര്‍ഥിയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. ഇത്തരം പ്രവൃത്തികള്‍ ചട്ടവിരുദ്ധമാണെന്നും അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും അവര്‍ പറഞ്ഞു. പക്വതയും മാന്യതയും അന്തസ്സും പുലര്‍ത്തേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ടെന്നും ബിന്ദു പറഞ്ഞു.
ഡോ. സി എന്‍ വിജയകുമാരി ജാതി പറഞ്ഞ് അധിക്ഷേപിച്ചുവെന്നാണ് ഗവേഷക വിദ്യാര്‍ഥിയുടെ പരാതിയില്‍ പറയുന്നത്. നിരന്തര വിവേചനം നേരിട്ടുവെന്ന് പരാതിയില്‍ വിപിന്‍ വിജയന്‍ പറഞ്ഞു. കഴക്കൂട്ടം എസ്പിക്കാണ് പരാതി നല്‍കിയത്.നിരവധി തവണ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും എന്നാല്‍ അന്ന് പ്രതികരിക്കാതിരുന്നത് തനിക്ക് പിഎച്ച്ഡി ലഭിക്കാതിരിക്കുന്നതിന് കാരണമാകുമെന്ന് ഭയന്നാണെന്ന് വിപിന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ എഴുതിയിരുന്നു.
അതേസമയം, വിജയകുമാരിക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. പലര്‍ക്കും ഗവേഷണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നിട്ടുണ്ട്. ആരിഫ് മുഹമ്മദ് ഖാന്റെ കാലഘട്ടം മുതല്‍ രാജ്ഭവനുമായി ചേര്‍ന്നുനിന്നാണ് പല സ്ഥാനങ്ങളും അനധികൃതമായി ഇവര്‍ നേടിയത് എന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. സെനറ്റിലും ഇവര്‍ സീറ്റ് നേടിയെടുത്തിരുന്നു. സംസ്‌കൃത സെമിനാറിന് സ്വകാര്യ നഴ്‌സിങ് കോളേജിലെ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതും വലിയ വിവാദമായിരുന്നു. മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇവര്‍ക്ക് വിസി തുക അനുവദിച്ചതും വിവാദ വിഷയമാണ്.
