സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവം; ആര്‍എസ്എസ് പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന്

Update: 2023-02-16 05:34 GMT

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ട സംഭവത്തില്‍ ആത്മഹത്യചെയ്ത പ്രകാശിനും ആര്‍എസ്എസ്സിനുമുള്ള പങ്ക് വ്യക്തമാക്കുന്ന വിവരങ്ങള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. ആശ്രമം കത്തിച്ച ദിവസത്തെ സിസിടിവി ദൃശ്യങ്ങളില്‍ ബൈക്കില്‍ സഞ്ചവരിച്ചവരില്‍ ഒരാള്‍ മരിച്ച പ്രകാശാണെന്ന് പ്രദേശവാസികളടക്കമുള്ളവര്‍ തിരിച്ചറിഞ്ഞു. തീ കത്തിച്ചശേഷം വച്ച റീത്ത് കെട്ടിനല്‍കിയത് പ്രകാശാണെന്ന തരത്തിലുള്ള മൊഴിയും അന്വേഷണസംഘത്തിന് ലഭിച്ചു.

സംഭവദിവസം പ്രതികള്‍ സഞ്ചരിച്ച ബൈക്കും തിരിച്ചറിഞ്ഞു. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുണ്ടമണ്‍ സ്വദേശി കൃഷ്ണകുമാര്‍ ഇത്തരത്തില്‍ മൊഴി നല്‍കിയെന്നാണ് സൂചന. ആശ്രമം കത്തിച്ചത് താനുള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പ്രകാശ് പലരോടും പറഞ്ഞിരുന്നു. ഇതാണ് മറ്റുള്ളവരെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ജനുവരി മൂന്നിനാണ് സംഘം പ്രകാശിനെ മര്‍ദ്ദിച്ചത്. ഒരു മണിക്കൂറിനുള്ളില്‍ പ്രകാശ് ആത്മഹത്യ ചെയ്തു.

പ്രദേശവാസി വിവേകിന്റെ വീട്ടിലെ സിസിടിവിയില്‍നിന്നാണ് ലോക്കല്‍ പോലിസ് ദൃശ്യം ശേഖരിച്ചത്. ബൈക്കില്‍ സഞ്ചരിച്ച പ്രതികളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ബൈക്കിലുണ്ടായിരുന്ന ഒരാള്‍ മരിച്ച പ്രകാശാണെന്ന് വ്യക്തമായത്. ആശ്രമം അക്രമിച്ച ദിവസം 2.27നുള്ള ദൃശ്യമാണ് വിവേകിന്റെ വീട്ടില്‍നിന്ന് പോലിസ് ശേഖരിച്ചത്. 2.32ന് വലിയവിള ജങ്ഷനിലെ കാമറയിലും 2.34ന് എലിപ്പോടെ കാമറയിയിലും ഇതേ ബൈക്ക് കടന്നുപോവുന്നത് കാണുന്നുണ്ട്. ബൈക്കില്‍ പ്രകാശിനൊപ്പമുണ്ടായിരുന്ന ആളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

Tags:    

Similar News