തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ രാവിലെ 9.35 വരെ 17.95 ശതമാനം പോളിങ്

Update: 2021-04-26 04:40 GMT

കൊല്‍ക്കത്ത: ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ 9.35 വരെ 17.95 ശതമാനം പോളിങ് രേഖപ്പെടുത്തി. സംസ്ഥാനത്തെ 34 നിയോജകമണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്.

മുര്‍ഷിദാബാദിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട്‌ചെയ്തത്, 1953 ശതമാനം. കൊല്‍ക്കൊത്ത സൗത്തില്‍ 132.07 ശതമാനം പേര്‍ വോട്ടു ചെയ്തു.

ദക്ഷിന്‍ ദിനജ്പൂര്‍ 18.77 ശതമാനം, മാല്‍ഡ 18.87 ശതമാനം, പശ്ചിം ബര്‍ധ്മാന്‍ 17.24 ശതമാനം എന്നിങ്ങനെയാണ് വിവിധ നിയോജകമണ്ഡലങ്ങളിലെ പോളിങ് ശതമാനം.

ഏഴാം ഘട്ട തിരഞ്ഞെടുപ്പില്‍ 268 സ്ഥാനാര്‍ത്ഥികളാണ് മല്‍സരരംഗത്തുള്ളത്. അതില്‍ 37 പേര്‍ വനിതകളാണ്.

ദക്ഷിന്‍ ദിനാജ്പൂരില്‍ ആറും മാല്‍ഡയില്‍ ആറും മുര്‍ഷിദാപൂരില്‍ ഒമ്പതും പശ്ചിം ബര്‍ധ്മാനില്‍ ഒമ്പതും കൊല്‍ക്കത്തയില്‍ നാലും നിയോജകമണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നേരത്തെ തീരുമാനിച്ചതനുസരിച്ച് 36 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് സ്ഥാനാര്‍ത്ഥികളുടെ മരണത്തെത്തുടര്‍ന്ന് ജന്‍ഗിപൂര്‍, സംസെര്‍ഗഞ്ച് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം അതിന്റെ മാര്‍ധന്യത്തിലെത്തിയ സമയത്താണ് ഏഴാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂല്‍ സ്ഥാനാര്‍ത്ഥിയായ കാജന്‍ സിന്‍ഹ കഴിഞ്ഞ ദിവസമാണ് കൊവിഡിന് കീഴടങ്ങിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ റോഡ് ഷോ, കൂറ്റന്‍ റാലികള്‍ എന്നിവയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ നല്‍കിയ അനുമതിയും പിന്‍വലിച്ചിട്ടുണ്ട്.

എട്ട് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മാര്‍ച്ച് 27നാണ് തുടങ്ങിയത്. ഏപ്രില്‍ 1, 6, 10, 17, 22 തിയ്യതികളില്‍ അടുത്ത ഘട്ടങ്ങള്‍ നടന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 29ന് നടക്കും. 294 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം മെയ് 2ന് നടക്കും.