വയനാട്ടില്‍ 1309 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി

ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി.

Update: 2020-04-22 13:27 GMT

കല്‍പറ്റ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിരീക്ഷണത്തില്‍ കഴിഞ്ഞ 1309 പേര്‍ കൂടി നിരീക്ഷണകാലം പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയവരുടെ എണ്ണം മൊത്തം 11555 പേരായി. ബുധനാഴ്ച ജില്ലയില്‍ 29 പേരെ പുതുതായി നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 2192 ആണ്. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് എട്ട് പേരാണ്. ജില്ലയില്‍ നിന്നും പരിശോധനയ്ക്കയച്ച 284 സാംപിളുകളില്‍ നിന്നും 269 എണ്ണത്തിന്റെ ഫലം ലഭിച്ചു. 14 എണ്ണത്തിന്റെ പരിശോധന ഫലം ലഭിക്കാന്‍ ഉണ്ട്. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2175 വാഹനങ്ങളിലായി എത്തിയ 3293 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

മറ്റു ജില്ലകളില്‍ നിന്ന് വയനാട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും വീട്ടില്‍ പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല പറഞ്ഞു. ആഴ്ചയില്‍ ഒരിക്കല്‍ പോയി വരുന്നത് പരിഗണിക്കും. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായാധിക്യമുള്ളവരുടെ വിവിധങ്ങളായ ആവിശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്സിനെയോ പോലിസിനെയോ ബന്ധപ്പെടാം. ഹോട്ട്സ്പോട്ട് ജില്ലകളില്‍ നിന്നൊഴികെ മറ്റു ജില്ലകളില്‍ നിന്ന് സിമന്റ് കൊണ്ടുവരാന്‍ അനുമതിയുണ്ട്. ജില്ലാ അതിര്‍ത്തികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ആര്‍ടിഒയുടെ നേതൃത്വത്തില്‍ ടീമിനെ ഏര്‍പ്പെടുത്തി. 

Tags: