ഉത്തരാഖണ്ഡില്‍ മൂന്നു വര്‍ഷത്തിനിടയില്‍ ഗോസംരക്ഷണ നിയമമനുസരിച്ച് അറസ്റ്റിലായത് 277 പേര്‍

Update: 2021-01-02 03:56 GMT

ഡറാഡൂണ്‍: ഗോസംരക്ഷണ നിയമമനുസരിച്ച് ഉത്തരാഖണ്ഡില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ അറസ്റ്റിലായത് 277 പേരെന്ന് റിപോര്‍ട്ട്. 171 കേസുകളിലായാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തത്. 2017 ഒക്ടോബറില്‍ സര്‍ക്കാര്‍ രൂപീകരിച്ച ഗോസംരക്ഷണ സ്‌ക്വാഡാണ് ഗോവധത്തിലും പശുക്കളെ കടത്തുന്നതിനുമെതിരേ നടപടി സ്വീകരിച്ചത്.

277 പേരില്‍ 176 പേരെയും കുമയൂണ്‍ പ്രദേശത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഗര്‍ഹ്വാള്‍ പ്രദേശത്ത് 101 പേര്‍ കസ്റ്റഡിയിലായി.

ഉത്തരാഖണ്ഡ് ഡിജിപി അശോക് കുമാര്‍ കഴിഞ്ഞ ദിവസം ഗോസംരക്ഷണപ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തുന്നതിനു വേണ്ടി വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണ് ഈ കണക്കുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ഗര്‍ഹ്വാളിലും കുമയൂണിലുമുള്ള റേഞ്ച് ഓഫിസര്‍മാരാണ് ആ പ്രദേശങ്ങളിലെ ഗോസംരക്ഷണ സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

2007 ലാണ് ഉത്തരാഖണ്ഡ് പ്രൊട്ടക്ഷന്‍ ഓഫ് കൗ പ്രോജനി ആക്റ്റ് ഓഫ് 2007 എന്ന പേരില്‍ ഗോസംരക്ഷണത്തിനുവേണ്ടി പ്രത്യേക നിയമനിര്‍മാണം നടത്തിയത്.

Tags: