യുപിയില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തിയ പകുതിയിലേറെ കേസും പശുവുമായി ബന്ധപ്പെട്ടത്

യുപിയില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലില്‍ അടക്കപ്പെട്ടവരിലധികവും മുസ്‌ലിംകളാണ്.

Update: 2020-09-24 12:17 GMT

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി ജയിലില്‍ അടക്കപ്പെട്ടവരില്‍ പകുതിയോളം പേരും ചെയ്ത കുറ്റം കന്നുകാലിയെ അറുത്തതും മാംസം വില്‍പ്പന നടത്തിയതും.ഈ വര്‍ഷം ഓഗസ്റ്റ് 19 വരെ യുപി പോലീസ് സംസ്ഥാനത്തെ 139 പേര്‍ക്കെതിരെയാണ് എന്‍എസ്എ (ദേശീയ സുരക്ഷാ നിയമം) ചുമത്തിയത്. ഇതില്‍ 76 പേര്‍ക്കെതിരെ കന്നുകാലികളെ കശാപ്പു ചെയ്തതിനാണ് കേസെടുത്തത്. ഇത്തരത്തില്‍ 44 കേസുകളാണ് ബറേലി പോലീസ് മേഖലയിലുള്ളതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (ഹോം) അവാനിഷ് കുമാര്‍ അവസ്തി വ്യക്തമാക്കിയിരുന്നു.


സെപ്റ്റംബര്‍ 6 ന് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ പശു കശാപ്പ് നടത്തിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ക്കെതിരെ എന്‍എസ്എ ചുമത്തിയിരുന്നു. എന്‍എസ്എ പ്രകാരം അറസ്റ്റിലായ മറ്റ് 13 പേരുടെ കുറ്റം പൗരത്വ വിരുദ്ധ (ഭേദഗതി) നിയമത്തിനെതിരേ പ്രതിഷേധിച്ചു എന്നതാണ്. ദേശ സുരക്ഷയ്‌ക്കോ ക്രമസമാധാനപാലനത്തിനോ ഭീഷണിയാണെന്ന് അധികാരികള്‍ക്ക് തോന്നിയാല്‍ എന്‍എസ്എ പ്രകാരം ആരെയും അറസ്റ്റ് ചെയ്ത് കുറ്റപത്രം പോലും നല്‍കാതെ 12 മാസം വരെ ജയിലിലടക്കാം.


യുപിയില്‍ ദേശീയ സുരക്ഷാ നിയമപ്രകാരം ജയിലില്‍ അടക്കപ്പെട്ടവരിലധികവും മുസ്‌ലിംകളാണ്. ഹിന്ദുത്വരുടെ അക്രമങ്ങള്‍ക്ക് വിധേയരായി പരിക്കേല്‍ക്കുന്നവരെ പോലും കലാപമുണ്ടാക്കി എന്ന പേരില്‍ ജയിലില്‍ അടക്കുന്ന സംഭവങ്ങള്‍ യുപിയില്‍ ബിജെപി അധികാരത്തിലേറിയതോടെ വ്യാപകമായിട്ടുണ്ട്.




Tags:    

Similar News