യുപിയില്‍ ലൗജിഹാദ് ആരോപണമുന്നയിച്ച് ഹിന്ദുത്വര്‍ ദളിത് പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞു
ലഖ്‌നോ: യുപിയില്‍ ലൗജിഹാദ് ആരോപണം ഉന്നയിച്ച് ദലിത് പെണ്‍കുട്ടിയും മുസ് ലിം യുവാവും തമ്മിലുള്ള വിവാഹം കര്‍ണി സേനാ പ്രവര്‍ത്തകര്‍ തടഞ്ഞു. പെണ്‍കുട്ടിയെ മുസ് ലിം യുവാവ് തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് കോടതി പരിസരത്തുനിന്ന് തട്ടിക്കൊണ്ട് പോയി പോലിസില്‍ ഏല്‍പ്പിച്ചത്. വരനെ ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ കര്‍ണി സേനക്കാര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
ദലിത് പെണ്‍കുട്ടിയും മുസ് ലിം യുവാവായ സിദ്ദിഖിയും തമ്മിലുള്ള വിവാഹമാണ് ലൗജിഹാദ് ആരോപണമുയര്‍ത്തി കര്‍ണിസേനക്കാര്‍ തടഞ്ഞത്. സിദ്ദിഖിന്റെ നേതൃത്വത്തില്‍ ഏതാനും പേര്‍ ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് കേസ് നല്‍കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന് മൊഴിനല്‍കിയെങ്കിലും പെണ്‍കുട്ടിയെ പിതാവിനൊപ്പം അയച്ചു.
അതേസമയം പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് കേസെടുത്തതെന്നും എന്നാല്‍ അവള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്ന മൊഴിയില്‍ കേസൊഴിവാക്കിയെന്നും ബല്ലിയ എസ്പി വിപിന്‍ ടാഡ പറഞ്ഞു.