2018മുതല്‍ രണ്ട് വര്‍ഷംകൊണ്ട് രാജ്യത്ത് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
2018 മുതല്‍ രണ്ട് വര്‍ഷംകൊണ്ടു മാത്രം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. 2018 മുതല്‍ 2020 വരെയുളള കാലയളവില്‍ പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 17.52% വര്‍ധിച്ചു. പട്ടികവര്‍ഗക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ 26.71% വര്‍ധനയാണ് രേഖപ്പെടുത്തിയത്. കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയിലാണ് ഈ കണക്കുകള്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസ് എംപി കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെയും തെലങ്കാന രാഷ്ട്ര സമിതി എംപി മന്നെ ശ്രീനിവാസ് റെഡ്ഡിയുടെയും ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ഈ കണക്കുകള്‍ വച്ചത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2018ല്‍ പട്ടികജാതിക്കാര്‍ക്കെതിരെ 42,793 കുറ്റകൃത്യങ്ങളും 2019ല്‍ 45,961 കുറ്റകൃത്യങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2020ല്‍ പട്ടികജാതിക്കാര്‍ക്കെതിരെ 50,291 കുറ്റകൃത്യങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2018ല്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരെ 6,528 ക്രിമിനല്‍ കേസുകളും 2019ല്‍ 7,570 കേസുകളും ഫയല്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചു.
പട്ടികജാതിക്കാര്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ മുന്നില്‍ യുപിയാണ്. 2020ല്‍ 12,714 കേസുകള്‍ യുപിയില്‍നിന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ടു. ആ വര്‍ഷം പട്ടികവര്‍ഗക്കാര്‍ക്കെതിരായ ഏറ്റവും കൂടുതല്‍ കേസുകള്‍ മധ്യപ്രദേശില്‍നിന്നാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. അത് ഏകദേശം 2,401 വരും.
2020ല്‍ രാജ്യത്ത് പട്ടികജാതിക്കാര്‍ക്കെതിരായ 39,138 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വര്‍ഷാവസാനമായപ്പോള്‍ 19,825 കേസുകളില്‍ അന്വേഷണം എങ്ങുമെത്താതെ കിടക്കുകയാണ്.
2020ല്‍ പട്ടികവര്‍ഗക്കാര്‍ക്കെതിരായ 6,484 കുറ്റകൃത്യങ്ങളില്‍ കുറ്റപത്രം സമര്‍പ്പിച്ചു, വര്‍ഷാവസാനം 3,351 കേസുകള്‍ പെന്‍ഡിങ് ഉണ്ട്.
