സംസ്ഥാനത്ത് മാര്‍ച്ച 25നു ശേഷം ആത്മഹത്യ ചെയ്തത് 18 വയസ്സിനു താഴെയുള്ള 66 പേര്‍

Update: 2020-07-09 15:07 GMT

തിരുവനന്തപുരം: മാര്‍ച്ച് 25 മുതല്‍ ഇതുവരെ 18 വയസ്സില്‍ താഴെയുള്ള 66 കുട്ടികള്‍ ആത്മഹത്യ ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടുകൊണ്ടു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍. കുട്ടികളുടെ ആത്മഹത്യയെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയകാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ''കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ ആത്മഹത്യകള്‍ വര്‍ദ്ധിച്ചു വരുന്നത് കേരളത്തില്‍ അതീവഗുരുതരമായ ഒരു സാമൂഹ്യപ്രശ്‌നമായി മാറുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഒരുപാട് ആത്മഹത്യകള്‍ ആ പ്രായക്കാര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നു. ഓണ്‍ലൈന്‍ ക്ലാസില്‍ ഇരിക്കാത്തതിന് അമ്മ വഴക്കു പറഞ്ഞത്, ഗെയിം കളിക്കാന്‍ അനുവദിക്കാതിരുന്നത്, ഫോണില്‍ അശ്ലീല ചിത്രം നോക്കിയതിന് വഴക്കു പറഞ്ഞത് തുടങ്ങിയകാരണങ്ങള്‍ക്കാണ് പല കുട്ടികളും സ്വയം ജീവനൊടുക്കിയത്''. 

താളം തെറ്റിയ കുടുംബജീവിതവും രക്ഷിതാവിന്റെ അമിതമായ ലഹരി ഉപയോഗവും തുടങ്ങി ജീവിതാന്തരീക്ഷത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് കാരണമായിട്ടുണ്ട്. കൊവിഡ് കാരണം സ്‌കൂളുകളും കോളേജുകളും അടച്ചിടേണ്ടി വന്നതും, കൂട്ടുകാരുടെ കൂടെ ഇടപഴകാന്‍ സാധിക്കാത്തതും ഒക്കെ അവരുടെ മാനസികസമ്മര്‍ദ്ദം വര്‍ധിപ്പിച്ചിരിക്കുന്നു.

കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് പഠിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു മേധാവി ആര്‍. ശ്രീലേഖയുടെ നേതൃത്വത്തിലാണ് സമിതിയ്ക്ക് രൂപം നല്‍കിയിട്ടുള്ളത്. അതിനുപുറമേ മാനസിക സംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ആശ്വാസം പകരാനായി 'ചിരി' എന്ന ഒരു പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. സ്റ്റുഡന്റ് പോലീസ് കാഡറ്റുകള്‍ മുഖേന ഫോണ്‍ വഴി കൗണ്‍സലിംഗ് നല്‍കുന്ന സംവിധാനമാണിത്. കൂടുതല്‍ ഡോക്ടര്‍മാരും കൗണ്‍സിലര്‍മാരും ചികിത്സാകേന്ദ്രങ്ങളും ആവശ്യമായതുകൊണ്ട് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.