പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ജൂബിലി റോഡ് പ്രദേശത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന 50 കോഴികളെ തെരുവു നായ്ക്കള്‍ കടിച്ചു കൊന്നു. നായ്ക്കളെ ഓടിക്കുന്നതിനിടെ ഗൃഹനാഥനെയും ആക്രമിക്കാന്‍ ശ്രമിച്ചു. ജൂബിലി റോഡ് ചേനാടന്‍ അസൈനുവിന്റെ(50) വീട്ടുവളപ്പില്‍ തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം.
ഇരുമ്പുവല കൊണ്ട് ചുറ്റും മറച്ചിരുന്ന കൂട്ടിന് അകത്താണ് കരിങ്കോഴി, ഫൈറ്റര്‍ കോഴി, പുള്ളിക്കോഴി തുടങ്ങിയ വിലകൂടിയ ഇനങ്ങളില്‍പ്പെട്ടവയെ സ്വന്തം ആവശ്യത്തിനായി അസൈനു വളര്‍ത്തിയിരുന്നത്. പുലര്‍ച്ചെ ശബ്ദം കേട്ടെത്തിയപ്പോള്‍ കൂട്ടിനുള്ളില്‍ ആറോളം വലിയ നായ്ക്കള്‍ കോഴികളെ കടിച്ചുകീറുകയായിരുന്നു.
കൂടിന്റെ വാതില്‍ തുറന്ന് അകത്തു കയറിയ അസൈനു നായ്ക്കളെ ഓടിച്ചു. ഒരെണ്ണം അസൈനുവിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും കൈയിലുണ്ടായിരുന്ന മരക്കഷണം വീശിയതോടെ ഓടിപ്പോവുകയായിരുന്നു. ജൈവ കര്‍ഷകനായ അസൈനു പ്രത്യേകം കൂടൊരുക്കിയാണ് കോഴികളെ വളര്‍ത്തിയിരുന്നത്. തെരുവുനായ്ക്കളെക്കൊണ്ട് വലിയ ശല്യമാണെന്ന് അസൈനു പറയുന്നു. കൂടിന്റെ വലയുടെ ഒരു ഭാഗത്തുകൂടി തലയിട്ട് വലുതാക്കിയാണ് നായ്ക്കള്‍ അകത്തു കടന്നത്.
നായ്ക്കളെ ഭയന്ന് അഞ്ച് സെന്റോളം സ്ഥലത്ത് വല കെട്ടി അവിടെ തീറ്റ നല്‍കിയാണ് പകല്‍ കോഴികളെ സംരക്ഷിക്കുന്നതെന്നും അസൈനു പറഞ്ഞു.
