സാന്ത്വന സ്പര്‍ശം അദാലത്ത്; പത്തനംതിട്ടയില്‍ അക്ഷയകേന്ദ്രങ്ങള്‍ വഴി ആദ്യ ദിവസം ലഭിച്ചത് 224 അപേക്ഷകള്‍

Update: 2021-02-03 18:39 GMT

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ മൂന്നു മന്ത്രിമാരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16, 18 ദിവസങ്ങളില്‍ നടത്തുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലേക്ക് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. ഈ മാസം ഒന്‍പതുവരെയാണു പരാതികള്‍ സ്വീകരിക്കുന്നത്. ആദ്യ ദിവസം അഞ്ചു മണി വരെ 224 അപേക്ഷകളാണ് അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ഓണ്‍ലൈനായി ലഭിച്ചത്.

അദാലത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജനപ്രതിനിധികളുടെ ആലോചന യോഗം കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹുഗാരി ടി എല്‍ റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. എംഎല്‍എമാരായ അഡ്വ.മാത്യു ടി തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, അഡ്വ. കെ.യു ജനീഷ് കുമാര്‍, എഡിഎം ഇ മുഹമ്മദ് സഫീര്‍, ഹുസൂര്‍ ശിരസ്തിദാര്‍ ബീന എസ് ഹനീഫ്, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

www.cmo.kerala.gov.in എന്ന വെബ് സൈറ്റില്‍ പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കില്ല. അക്ഷയ സെന്ററുകള്‍ക്കുള്ള ഫീസ് സംസ്ഥാന സര്‍ക്കാര്‍ നല്‍കും. അദാലത്തില്‍ നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും.

വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അദാലത്തിനു നേതൃത്വം നല്‍കും. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനാണു മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ സാന്ത്വന സ്പര്‍ശം അദാലത്ത് നടത്തുന്നത്.

ലഭിക്കുന്ന പരാതികള്‍ ജില്ലാ തലത്തില്‍ പരിഹരിക്കേണ്ടവയെന്നും സംസ്ഥാന തലത്തില്‍ പരിഹിക്കേണ്ടവയെന്നും രണ്ടായി തിരിച്ചാകും അടിയന്തര പരിഹാരം നിര്‍ദേശിക്കുന്നത്. അദാലത്ത് നടക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ടു പരാതി നല്‍കാനും അവസരമുണ്ടാകും. ഇങ്ങനെയുള്ളവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യിപ്പിച്ച് ഏഴു ദിവസത്തിനകം തീരുമാനമെടുക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായത്തിന് അപേക്ഷ സമര്‍പ്പിക്കുന്നവരും ചികിത്സാ ധനസഹായ അപേക്ഷകള്‍ സമര്‍പ്പിക്കുന്നവരും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും, ചികിത്സാ ചിലവുകള്‍ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റും, റേഷന്‍ കാര്‍ഡ്, മറ്റ് അനുബന്ധ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു വര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. പ്രളയം, ലൈഫ് മിഷന്‍, പോലീസുമായി ബന്ധപ്പെട്ട പരാതികളും അദാലത്തില്‍ പരിഗണിക്കില്ല.

Similar News