ന്യൂഡല്‍ഹി: നാഗാലാന്‍ഡില്‍ വിവാദ നിയമമായ പ്രത്യേക സൈനികാധികാര നിയമം(അഫ്‌സ്പ) ആറ് മാസത്തേക്കു കൂടി നീട്ടി. സുരക്ഷാ ഏജന്‍സികള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഈ നിയമം പിന്‍വലിക്കണമെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയരുന്നതിനിടയിലാണ് അഫ്‌സ്പ ആറ് മാസത്തേക്കുകൂടി നീട്ടിയത്.
പ്രശ്‌നബാധിത പ്രദേശമെന്ന് നോട്ടിഫൈ ചെയ്ത മേഖലയില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കുന്ന നിയമമാണ് അഫ്‌സ്പ. ഇത്തരം പ്രദേശങ്ങളില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി പ്രകാരമല്ലാതെ സൈനികരെ വിചാരണ ചെയ്യാനാവില്ല.
നാഗാലാന്‍ഡിലെ മനുഷ്യാവകാശ സംഘടനകളും സംസ്ഥാന സര്‍ക്കാരും പ്രത്യേക സൈനികാധികാര നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഡിസംബര്‍ നാലിന് നാഗാലാന്‍ഡില്‍ സൈന്യം 13 സിവിലിയന്‍മാരെ വെടിവച്ചുകൊന്നത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഖനിയില്‍ ജോലി കഴിഞ്ഞുവരികയായിരുന്ന തൊഴിലാളികളെയാണ് സൈന്യം കാരണം കൂടാതെ വെടിവച്ചുകൊന്നത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ ആക്രമണത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 20ന് അഫ്‌സ്പ പിന്‍വലിക്കണമെന്ന് നാഗാലാന്‍ഡ് നിയമസഭ പ്രമേയം പാസ്സാക്കി.
അഫ്‌സ്പ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അതിനിടയിലാണ് അഫ്‌സ്പയുടെ കാലാവധി ആറ് മാസത്തേക്കുകൂടി നീട്ടിയത്.
