മലപ്പുറം ജില്ലയില്‍ ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 800 കടന്നു

Update: 2020-09-26 13:03 GMT

മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗബാധ തീവ്രമാകുന്നു. ഇന്നാദ്യമായി ജില്ലയില്‍ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 800 കടന്നു. രണ്ട് ദിവസം തുടര്‍ച്ചയായി 700ല്‍പ്പരം രോഗബാധിതര്‍ റിപോര്‍ട്ട് ചെയ്തതിനു പിറകെ ഇന്ന് (സെപ്റ്റംബര്‍ 26) ജില്ലയില്‍ 826 പേര്‍ക്കാണ് രോഗബാധ സ്ഥരീകരിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ കൊവിഡ് ബാധ സ്ഥിരീകരിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ആശങ്കാജനകമായ സ്ഥിതിവിശേഷമാണ് കൊവിഡ് വ്യാപനത്തില്‍ ജില്ലയിലുള്ളത്. ഈ ഘട്ടത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണമെന്നും ഉപേക്ഷ പാടില്ലെന്നും കലക്ടര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 756 പേര്‍ രോഗബാധിതരായപ്പോള്‍ ഉറവിടമറിയാതെ 41 പേര്‍ക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിന് പുറമെ ഉറവിടമറിയാതെ രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധവുണ്ടാകുന്നത് ആശങ്കയുളവാക്കുന്നുണ്ട്. സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധിതരായവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 18 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം 486 പേരാണ് വിദഗ്ധ ചികില്‍സക്ക് ശേഷം ഇന്ന് രോഗമുക്തരായത്. ഇതുവരെ 14,661 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

33,076 പേര്‍ നിരീക്ഷണത്തില്‍

33,076 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 4,244 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 521 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,654 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ 1,58,304 സാംപിളുകളാണ് ജില്ലയില്‍ നിന്ന് പരിശോധനക്കയച്ചത്. ഇതില്‍ 5,092 സാംപിളുകളുടെ പരിശോധനാ ഫലങ്ങള്‍ ലഭിക്കാനുണ്ട്.