മാളയില്‍ റോഡരികില്‍ അപകടാവസ്ഥയില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റി

Update: 2022-02-24 14:44 GMT

മാള: ഒരു വര്‍ഷത്തിലധികമായി ഉണങ്ങി അപകടാവസ്ഥയില്‍ പൊതുമരാമത്ത് റോഡരികില്‍ നിന്നിരുന്ന മരം മുറിച്ചുമാറ്റി. വലിയപറമ്പ് അന്നമനട റോഡില്‍ കുരുവിലശ്ശേരി ബാങ്കിന് സമീപം നിന്നിരുന്ന മരമാണ് പൊതുമരാമത്ത് വകുപ്പ് സാങ്കേതികത്വം പറഞ്ഞ് മുറിച്ചുമാറ്റാതെ അപകടാവസ്ഥയില്‍ നിലനിറുത്തിയിരുന്നത്.

മരത്തിന് സമീപം കെട്ടിടങ്ങളും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നതുമായ തിരക്കുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ഉണങ്ങിയ മരം വീണാല്‍ വലിയ അപകടത്തിന് വഴിയൊരുക്കുമെന്ന് അറിയിച്ചിട്ടും വനംവകുപ്പില്‍ നിന്ന് വാല്യുവേഷന്‍ നടത്തിയിട്ടില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് മുറിച്ചുമാറ്റാതിരുന്നത്.

മാള പള്ളിപ്പുറം സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാള അസി എഞ്ചിനീയറുടെ മേല്‍നോട്ടത്തില്‍ അടിയന്തിരമായി മരം മുറിച്ചു മാറ്റുകയായിരുന്നു.